കൊച്ചി: കേരള സർവകലാശാലയിലെ രജിസ്ട്രാർ പദവി തർക്കം വീണ്ടും രൂക്ഷമാകുന്നു. സസ്പെൻഷൻ നടപടിക്കെതിരെ ഡോ. കെ. എസ്. അനിൽകുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഇതോടെ രജിസ്ട്രാർ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസിലറുടെ നടപടി തുടരാനാണ് ഹൈക്കോടതി നിർദേശം.
സസ്പെൻഷൻ തുടരണമോ ഇല്ലയോ എന്ന കാര്യത്തിൽ സിൻഡിക്കേറ്റ് യോഗം ചേർന്ന് തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി.
സിൻഡിക്കേറ്റ് മിനിട്ട്സ് തിരുത്തിയെന്നാരോപണം
ഇതിനിടെ, സിൻഡിക്കേറ്റ് യോഗത്തിന്റെ മിനിട്ട്സ് തിരുത്തിയെന്നാരോപിച്ച് വൈസ് ചാൻസിലർ മോഹൻ കുന്നുമ്മലിനും മുൻ രജിസ്ട്രാർ ഇൻ ചാർജ്ജിനുമെതിരെ സിൻഡിക്കേറ്റിലെ ഇടത് അംഗം ലെനിൻ ലാൽ കൻറോൺമെൻറ് പൊലീസിൽ പരാതി നൽകി.
രജിസ്ട്രാർ അനിൽ കുമാർ സസ്പെൻഷനിലായതിനാൽ ചുമതല ആർ. രശ്മികയ്ക്ക് നൽകിയതായി മിനിട്ട്സിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഈ മിനിട്ട്സ് വൈസ് ചാൻസിലർ സ്വന്തം നിലയിൽ തയ്യാറാക്കിയതാണെന്നും, വിഷയം കോടതി പരിഗണനയിലായതിനാൽ സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ച ചെയ്തിട്ടില്ലെന്നും പരാതിയിൽ പറയുന്നു.
തർക്കത്തിന്റെ പശ്ചാത്തലം
അനിൽ കുമാറിന്റെ സസ്പെൻഷൻ ജൂലൈ 6-ന് വിവാദ സിൻഡിക്കേറ്റ് യോഗം പിൻവലിച്ചതോടെയാണ് തർക്കം രൂക്ഷമായത്. ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ അനിൽ കുമാറിനെയാണ് രജിസ്ട്രാറായി അംഗീകരിച്ചത്. വിസിയുടെ വിലക്ക് ലംഘിച്ച് അദ്ദേഹം ഓഫീസിലെത്തിയതോടെ ഒരേ സമയം രണ്ട് രജിസ്ട്രാർമാർ സർവകലാശാലയിൽ ഉണ്ടായതിനാൽ ഭരണപ്രതിസന്ധിയും ഉണ്ടായി.
