കിഫ്ബി മസാല ബോണ്ട്: മുഖ്യമന്ത്രിക്കും മുന്‍ മന്ത്രിക്കും ഉള്‍പ്പെടെ ഇഡി കാരണം കാണിക്കല്‍ നോട്ടീസ്; തുടര്‍ നടപടി ഉടന്‍

തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട ഫെമ ചട്ടലംഘന കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക്, കിഫ്ബി സിഇഒ കെ.എം. എബ്രഹാം തുടങ്ങി നിരവധി മുന്‍–നിലവിലെ അധികാരികള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മൂന്ന് വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് ചെന്നൈ അഡ്ജുഡിക്കേറ്റിങ് അതോറിറ്റി നോട്ടീസ് അയച്ചത്.

മസാല ബോണ്ട് വഴി സമാഹരിച്ച ഫണ്ടുകള്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് വിനിയോഗിച്ചത് വിദേശനാണ്യ വിനിമയ നിയമം (FEMA) ലംഘനമാണെന്ന് ഇഡിയുടെ കണ്ടെത്തലാണ്. 2019-ല്‍ 9.72% പലിശയില്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഇറക്കിയ മസാല ബോണ്ട് മുഖേന കിഫ്ബി 2,150 കോടി രൂപയാണ് സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗത്തിലാണ് ബോണ്ട് ഇറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്.

അന്വേഷണത്തിന്റെ ഭാഗമായി തോമസ് ഐസക്കിന് രണ്ട് തവണ നോട്ടീസ് അയച്ചിരുന്നു. കിഫ്ബി സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ചപ്പോഴാണ് ചട്ടലംഘനം നടന്നുവെന്ന നിഗമനത്തില്‍ ഇഡി എത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലഭിച്ച നോട്ടീസിന് മുഖ്യമന്ത്രിയുൾപ്പെടെ ബന്ധപ്പെട്ട മുഴുവന്‍ വ്യക്തികള്‍ക്കും നേരിട്ടോ പ്രതിനിധി വഴിയോ, അഭിഭാഷകന്‍ വഴിയോ വിശദീകരണം നല്‍കാനുള്ള അവസരം ലഭിക്കും. ഇരുപക്ഷവും സമര്‍പ്പിക്കുന്ന വാദങ്ങള്‍ കേട്ട ശേഷമായിരിക്കും അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയുടെ അന്തിമ തീരുമാനം.

മുഖ്യമന്ത്രിയെ ഇഡി അറസ്റ്റു ചെയ്യും എന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ ശക്തമായെങ്കിലും, അതിനുള്ള സാധ്യത തല്‍ക്കാലം ദൂരസ്ഥമാണെന്നാണ് സൂചന. കാരണം കാണിക്കല്‍ നോട്ടിസിന് ലഭിക്കുന്ന വിശദീകരണവും അതോറിറ്റിയുടെ നിരീക്ഷണവുമാണ് തുടര്‍നടപടികളെ നിർണയിക്കുക.

കിഫ്ബിയുടെ ധനസമാഹരണ നടപടികളില്‍ ഉണ്ടായതെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. കേസ് അടുത്ത ഘട്ടത്തിലേക്ക് കടക്കാനിരിക്കെ സംസ്ഥാന രാഷ്ട്രീയത്തിലും ഭരണത്തിലും ഇതിന്റെ പ്രതിഫലനം ഗൗരവമായി വിലയിരുത്തപ്പെടുന്നു.

malayalampulse

malayalampulse