അമിതകൂലി ആവശ്യപ്പെട്ടു; പത്ര പ്രവർത്തകയായ വിട്ടുടമസ്ഥ ഒറ്റക്ക് ലോഡ് ഇറക്കി

കൊല്ലം: വീടു നിർമാണത്തിനായി കൊണ്ടുവന്ന തറയോടുകൾ ഇറക്കാൻ സിഐടിയു തൊഴിലാളികൾ അമിത കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് വീട്ടുടമസ്ഥയും പത്രപ്രവർത്തകയുമായ യുവതി തന്നെ ഒറ്റയ്ക്ക് ലോഡ് ഇറക്കി. സംഭവം കടക്കൽ തച്ചോണം മുസ്ലിം പള്ളിക്കു സമീപം, കിളിമാനൂർ റോഡിലാണ് നടന്നത്.

കുമ്മിൾ തച്ചോണം പ്രിയനിവാസിൽ പ്രിയ വിനോദ് (48) ആണ് കഴിഞ്ഞ രാത്രി രണ്ടര മണിക്കൂർ പണിപ്പെട്ട് 150 തറയോടുകൾ ലോറിയിൽ നിന്ന് ഇറക്കിയത്. തൊഴിലാളികൾ മറ്റാരെയും സഹായത്തിന് വിളിക്കരുത് എന്ന് വ്യക്തമാക്കിയതിനാൽ പ്രിയ വിനോദ് ഒറ്റയ്ക്ക് ജോലിയെടുക്കുകയായിരുന്നു.

നേരത്തെയും ഇവിടെ വീട് നിർമാണത്തിന് സാധനങ്ങൾ ഇറക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം നടന്നിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ടൈൽസ് ഇറക്കാൻ 12,000 രൂപ കൂലി സിഐടിയു തൊഴിലാളികൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് 3,500 രൂപ നൽകി ലോഡ് ഇറക്കി. അതേ തുകയാണ് തൊഴിലാളികൾ ഈ തവണയും ആവശ്യപ്പെട്ടതെന്ന് പ്രിയ വിനോദ് ആരോപിച്ചു.

“ആവശ്യപ്പെട്ട കൂലി നൽകിയില്ലെങ്കിൽ ഞങ്ങൾ തന്നെ ഇറക്കും, മറ്റാരെയും വിളിക്കാനാകില്ലെന്നും തൊഴിലാളികൾ വ്യവസ്ഥയിട്ടു. അതിനാൽ ലോറിയിൽ കയറി സ്വയം ഇറക്കേണ്ടി വന്നു” – പ്രിയ വിനോദ് പറഞ്ഞു.

മലപ്പുറത്തു പൊലീസ് സബ് ഇൻസ്പെക്ടറായ ഭർത്താവ് ഐ.വി.വിനോദ് അവിടെയായിരുന്നു. നേരത്തെ കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപിക ആയിരുന്ന പ്രിയവിനോദ് ഇപ്പോൾ സ്വതന്ത്ര പത്രപ്രവർത്തകയും കെപിസിസി മീഡിയ സെൽ അംഗവുമാണ്.

അതേസമയം, അമിത കൂലി ആവശ്യപ്പെട്ടെന്ന ആരോപണം ശരിയല്ലെന്നാണ് സിഐടിയു യൂണിയൻ കൺവീനർ കെ. ഹർഷകുമാർ വ്യക്തമാക്കിയത്. “രണ്ടുതവണ ലോഡ് വന്നെങ്കിലും പ്രിയ വിനോദ് മറ്റു തൊഴിലാളികളെ ഉപയോഗിച്ച് ഇറക്കുകയായിരുന്നു. തെറ്റായ പ്രചാരണം നടത്തുകയാണ്” – അദ്ദേഹം പറഞ്ഞു.

malayalampulse

malayalampulse