‘ഷാഫിയെ ആക്രമിച്ചത് ഇടതുമുന്നണി കൺവീനറുടെ സന്തതസഹചാരി’; ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ച പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. പേരാമ്പ്ര ഡിവൈഎസ്‌പി സുനിൽ, വടകര ഡിവൈഎസ്‌പി ഹരിപ്രസാദ്, ഷാഫിയെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥൻ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി സമർപ്പിച്ചതെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ അറിയിച്ചു.

എൽഡിഎഫ് കൺവീനറുടെ അടുത്ത സഹചാരികളായ ആറോളം പൊലീസുകാരാണ് സംഭവത്തിൽ പങ്കെടുത്തതെന്നും ഇവരിൽ ഒരാളാണ് എംപിയെ ആക്രമിച്ചതെന്നും പ്രവീൺകുമാർ ആരോപിച്ചു.

ഒരു ആഴ്ചയ്ക്കുള്ളിൽ നടപടിയില്ലെങ്കിൽ കോഴിക്കോട് റൂറൽ എസ്.പി കെ.ഇ. ബൈജുവിന്റെ വീടിനു മുന്നിൽ കോൺഗ്രസ് ഉപരോധമിരിക്കുമെന്നും പ്രവീൺകുമാർ മുന്നറിയിപ്പ് നൽകി.

അതേസമയം, പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള ഷാഫി പറമ്പിൽ എംപി അടുത്ത രണ്ടു ദിവസത്തിനകം ആശുപത്രി വിടാനാകുമെന്നാണ് ആശുപത്രി അധികൃതർ സൂചിപ്പിച്ചത്. ഷാഫിയുടെ മൂക്കിന് പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു.

malayalampulse

malayalampulse