പാലക്കാട്: ജീവനൊടുക്കുന്നതിനുമുമ്പ് രേഖപ്പെടുത്തിയ എസ്എച്ച്ഒ ബിനു തോമസിന്റെ കുറിപ്പിൽ കോഴിക്കോട് ഡിവൈഎസ്പി ഉമേഷിനെതിരായി ഗുരുതര ആരോപണം. 2014-ൽ അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ ഡിവൈഎസ്പി ഉമേഷ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കുറിപ്പിലെ വെളിപ്പെടുത്തൽ. കൂടാതെ, യുവതിയുടെ അടുത്ത് പോകാൻ തന്നെയും നിർബന്ധിച്ചുവെന്ന് ബിനു കുറിപ്പിൽ പറയുന്നു.
പാലക്കാട് ചെർപ്പുളശേരി സ്വദേശിയായ ബിനു തോമസ് രണ്ടാഴ്ച മുമ്പാണ് ആത്മഹത്യ ചെയ്തത്. 2014-ൽ പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന ഉമേഷാണ് ഇപ്പോൾ ഡിവൈഎസ്പി. അന്നത്തെ അനാശാസ്യ കേസിൽ അറസ്റ്റിലായ യുവതിയുടെ വീട്ടിൽ സന്ധ്യയ്ക്കാണ് ഉമേഷ് എത്തിയതെന്നും, കേസ് ഒതുക്കാനും വാർത്ത മാധ്യമങ്ങളിൽ വരാതിരിക്കാനുമുള്ള സമ്മർദത്തിലാണ് യുവതിയെ കീഴടക്കിയതെന്നുമാണ് കുറിപ്പിൽ പരാമർശിക്കുന്നത്.
32 പേജുള്ള ആത്മഹത്യാ കുറിപ്പിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകരും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.
