ക്യൂആർ കോഡിൽ ഓർഡർ, സീറ്റിൽ ഭക്ഷണം; കെഎസ്ആർടിസി–ചിക്കിങ് കരാർ
തിരുവനന്തപുരം:
കെഎസ്ആർടിസിയുടെ ദീർഘദൂര ബസുകളിൽ ഇനി യാത്രക്കാർക്ക് ചൂടൻ “ചിക്കിങ്” വിഭവങ്ങളും ലഭിക്കും. ബസിനുള്ളിൽ നിന്ന് തന്നെ ഭക്ഷണം ഓർഡർ ചെയ്യാനുള്ള സൗകര്യമാണ് കെഎസ്ആർടിസി ഒരുക്കുന്നത്. അടുത്ത ബസ് സ്റ്റാൻഡിലോ, യാത്രാമാർഗത്തിലുള്ള ചിക്കിങ് ഔട്ട്‌ലെറ്റുകളിലോ നിന്നാണ് ഭക്ഷണം പാഴ്സലായി യാത്രക്കാരുടെ സീറ്റുകളിൽ എത്തിക്കുക.
കെഎസ്ആർടിസിയും ചിക്കിങ്ങും തമ്മിൽ ഇതുസംബന്ധിച്ച ധാരണയിലെത്തിയതായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദ്യഘട്ടത്തിൽ അഞ്ച് സൂപ്പർ ക്ലാസ് സർവീസുകളിലും ബജറ്റ് ടൂറിസം യാത്രകളിലുമാണ് ഭക്ഷണ വിതരണം ആരംഭിക്കുക. തുടർന്ന് ക്രമേണ മറ്റ് ദീർഘദൂര സർവീസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
യാത്രക്കാർക്ക് ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി ബസുകളിൽ ക്യൂആർ കോഡ് പതിക്കും. ഇത് സ്‌കാൻ ചെയ്താൽ വിഭവങ്ങളുടെ പട്ടികയും അടുത്ത ഭക്ഷണശാലയുടെ വിവരങ്ങളും ലഭിക്കും. ബസ് സ്റ്റാൻഡിലോ, റൂട്ടിലുള്ള ചിക്കിങ് ഔട്ട്‌ലെറ്റിലോ ബസ് എത്തുമ്പോൾ ഭക്ഷണം കൈമാറുന്ന രീതിയിലാണ് ക്രമീകരണം. ഭക്ഷണ ബുക്കിംഗിനായി പ്രത്യേക വെബ്‌സൈറ്റ് ഉടൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
പൊതുനിരക്കിനെക്കാൾ 25 ശതമാനം കുറഞ്ഞ നിരക്കിലാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. വിൽപനയിൽ നിന്നുള്ള അഞ്ച് ശതമാനം വിഹിതം കെഎസ്ആർടിസിക്ക് ലഭിക്കും. ദേശീയ-സംസ്ഥാന പാതകളിലായി 140 കേന്ദ്രങ്ങളിൽ നിന്ന് യാത്രക്കാർക്ക് ഭക്ഷണം ലഭ്യമാക്കാനാകും. ചിക്കിങ് ഔട്ട്‌ലെറ്റുകളിൽ ബസ് നിർത്തുമ്പോൾ ഡ്രൈവർക്കും കണ്ടക്ടർക്കും സൗജന്യമായി ഭക്ഷണം നൽകണമെന്ന വ്യവസ്ഥയും കരാറിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ടെക്നോപാർക്കിൽ നിന്ന് വാരാന്ത്യ സ്പെഷ്യൽ സർവീസ്
തിരുവനന്തപുരം ടെക്നോപാർക്കിൽ നിന്ന് വെള്ളിയാഴ്ചകളിൽ മറ്റ് ജില്ലകളിലേക്ക് വാരാന്ത്യ സ്പെഷ്യൽ സർവീസുകൾ ആരംഭിക്കും. ആദ്യഘട്ടത്തിൽ തൊടുപുഴ, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് സർവീസ്. ഓൺലൈൻ വഴിയാണ് ബുക്കിങ്. ഇതേ ബസുകൾ തിങ്കളാഴ്ച രാവിലെ തിരിച്ചെത്തുന്ന രീതിയിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
