മലപ്പുറം: സീബ്രലൈനും ട്രാഫിക് പോലീസിന്റെ മുന്നറിയിപ്പും അവഗണിച്ച് അപകടകരമായി മുന്നേറിയ KSRTC ബസിന്റെ മരണപ്പാച്ചിൽ ദൃശ്യങ്ങൾ പുറത്ത്.
തിങ്കളാഴ്ച വൈകിട്ട് 4 മണിയോടെ പെരിന്തൽമണ്ണ പാലക്കാട് ദേശീയപാതയിലെ താഴെക്കോട് ജങ്ഷനിലാണ് സംഭവം നടന്നത്. പെരിന്തൽമണ്ണ ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന KSRTC ബസാണ് അപകടകരമായ രീതിയിൽ റോഡ് മുറിച്ച് കടന്നത്.
സീബ്രലൈൻ വഴി റോഡ് മുറിച്ച്കടക്കുകയായിരുന്ന വിദ്യാർത്ഥികളെയും അവരെ സുരക്ഷിതമായി കടത്തി വിടാൻ ശ്രമിച്ച ട്രാഫിക് പോലീസുകാരന്റെയും തൊട്ടുമുന്പിലൂടെയാണ് ബസ് അമിത വേഗത്തിൽ കടന്നുപോയത്. തലനാരിഴക്കാണ് വിദ്യാർത്ഥികളും പോലീസുകാരനും രക്ഷപ്പെട്ടത്. വലിയൊരു അപകടമാണ് ഒഴിവായത്.
സംഭവത്തിന്റെ CCTV ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രദേശവാസികളും യാത്രക്കാരും KSRTCയുടെ അനാസ്ഥയോടെയുള്ള ഡ്രൈവിങ്ക്കെതിരെ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചു.
