തിരുവനന്തപുരം: ഓണക്കാലത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലെത്തുന്ന മലയാളികൾക്ക് യാത്രാക്ലേശം കുറയ്ക്കാൻ കെ.എസ്.ആർ.ടി.സി പുത്തൻ എ.സി സ്ലീപ്പർ ബസുകൾ സർവീസിന് ഒരുക്കുന്നു. ബെംഗളൂരു, ചെന്നൈ, മൂകാംബിക തുടങ്ങിയ നഗരങ്ങളിലേക്ക് പ്രത്യേക സർവീസുകൾ നടത്തും.
പരീക്ഷണയോട്ടത്തിൽ പങ്കെടുത്ത ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു: “വർഷങ്ങളായി യാത്രാ സൗകര്യം കുറവെന്ന പരാതിയുണ്ടായിരുന്നു. ഇത്തവണ പരമാവധി സ്പെഷ്യൽ സർവീസുകൾ നടത്തും. പ്രൗഢിയോടെ, സുഖമായി ഉറങ്ങിയും യാത്ര ചെയ്ത് നാട് പിടിക്കാനാവുന്ന സൗകര്യമാകും.”ഓണത്തിന് വിവിധ ശ്രേണികളിലായി നൂറിലേറെ പുത്തൻ ബസുകൾ നിരത്തിലിറക്കും. “പഴയ ബസുകൾ വഴിയിൽ കുടുങ്ങുമെന്ന പതിവ് പരാതിക്ക് ഇനി മാറ്റം വരും,” മന്ത്രി വ്യക്തമാക്കി.
ഇരുപത്തി ഒന്നിന് ശേഷം സർവീസ് ആരംഭിക്കുന്ന ബസുകളിലേക്ക് സീറ്റ് ഉറപ്പിക്കാൻ യാത്രക്കാരിൽ തിരക്കാണ്. കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് യാത്രാ സൗകര്യം കുറവാണെന്ന് തോന്നിയാൽ ബദൽ സർവീസുകളും ഒരുക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
