കുവൈത്തിൽ സംഘർഷങ്ങൾ; 20 പേർ അറസ്റ്റ് — മാളുകളിൽ വ്യാപക പരിശോധന
കുവൈത്ത് സിറ്റി: രാജ്യത്തെ പൊതുസ്ഥലങ്ങളിലെ സംഘർഷങ്ങൾ തടയുന്നതിനായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം കർശന നടപടി സ്വീകരിച്ചു. മാളുകളിൽ സുരക്ഷാസേനയുടെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി. വിവിധ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 20 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
മാളുകൾ കേന്ദ്രീകരിച്ച് ചില സംഘങ്ങൾ അക്രമം നടത്തുന്നതായി ലഭിച്ച വിവരത്തെ തുടർന്ന് പൊലീസ് പരിശോധന ശക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സംഘർഷത്തിന് പ്രേരിപ്പിക്കുകയും മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്ത പ്രവാസികൾ അടക്കം 20 പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു.
പൊതുധാർമികത ലംഘിച്ചതിന് നാല് പേരെയും മാളുകളിൽ സിഗരറ്റ് വലിച്ചതിന് നാല് പേരെയും കസ്റ്റഡിയിൽ എടുത്തു. ഇവരിൽ നിന്ന് കത്തി അടക്കമുള്ള മാരകായുധങ്ങളും പിടിച്ചെടുത്തതായി പൊലീസ് വ്യക്തമാക്കി.
അറസ്റ്റ് ചെയ്ത പ്രവാസികളെ തുടർനടപടികൾക്ക് ശേഷം നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനായി കർശനമായ പരിശോധനകൾ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ക്രിമിനൽ സുരക്ഷ വിഭാഗം, ജനറൽ ഡിപ്പാർട്മെന്റ് ഇൻവെസ്റ്റിഗേഷൻ, പരിസ്ഥിതി പൊലീസ് വിഭാഗം എന്നിവയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
