തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിൽകൂടി എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കൊണ്ടോട്ടിയിൽ ഡോ. പി ജിജിയും കോട്ടയ്ക്കലിൽ കെ പ്രീതിയും മത്സരിക്കും. തിരൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി വി വി അബ്ദുറഹ്മാനാണ് മത്സരിക്കുന്നത്.
സിപിഐ എം മഞ്ചേരി ഏരിയാ കമ്മിറ്റിയംഗവും മഹിളാ സംസ്ഥാന കമ്മിറ്റിയംഗവുമാണ് ഡോ. പി ജിജി. കലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർപേഴ്‌സണും എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായിരുന്നു. വിദ്യാർഥി സമരത്തിന്റെ ഭാഗമായി 16 ദിവസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗവമാണ്. കലിക്കറ്റ് സർവകലാശാലയിൽ ബോട്ടണിയിൽ പിഎച്ച്‌ഡി നേടി. 2021ൽ വേങ്ങരയിൽ മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ചിട്ടുണ്ട്.
മലപ്പുറം കുറ്റിപ്പുറം പേരശന്നൂര്‍ സ്വദേശിയായ കെ പ്രീതി പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയംഗവും പ്രവാസി വനിതാ കുടുംബവേദിയുടെ സംസ്ഥാന കണ്‍വീനറുമാണ്. 2026ലെ ലോക കേരള സഭാംഗമാണ്. നിലവില്‍ സിപിഐ എം കുറ്റിപ്പുറം ലോക്കല്‍ കമ്മിറ്റിയംഗവും കര്‍ഷകസംഘം വളാഞ്ചേരി ഏരിയാ എക്സിക്യുട്ടീവ് കമ്മിറ്റിയംഗവുമാണ്. പേരശന്നൂര്‍ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ചു.
താനൂരിലെ സിറ്റിങ് എംഎൽഎയും കായിക, വഖഫ്, ഹജ്ജ് തീർത്ഥാടന, തപാൽ, റെയിൽവേ വകുപ്പ് മന്ത്രിയുമാണ് വി അബ്ദുറഹ്മാൻ. കെഎസ്‌യുവിലൂടെ രാഷ്ട്രീയ രംഗത്ത്. തിരൂർ നഗരസഭ കൗൺസിലറും വൈസ് ചെയർമാനുമായി. 2014 ൽ കെപിസിസി എക്സിക്യൂട്ടീവ് അംഗമായിരിക്കെ കോൺഗ്രസ് വിട്ട് എൽഡിഎഫ് സ്വതന്ത്രനായി പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ ഇ ടി മുഹമ്മദ് ബഷീറിനെതിരെ മത്സരിച്ചു. 2016ലും 2021ലും താനൂർ നിയോജക മണ്ഡലത്തിൽ നിന്നും ജയിച്ച് നിയമസഭയിലെത്തി.
