തിരുവനന്തപുരം: ലോകഫുട്‌ബോളിന്റെ മഹാനായകൻ ലയണൽ മെസി ഉള്‍പ്പെടുന്ന അർജന്റീന ഫുട്‌ബോൾ ടീം നവംബറിൽ കേരളത്തിലെത്തും. അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. നവംബർ 10നും 18നും ഇടയിലാണ് കേരളത്തിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം നടക്കുക.
മത്സരം തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. എതിരാളി ടീമിനെ ഇതുവരെ തീരുമാനിച്ചിട്ടില്ല. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ വാർത്ത സ്ഥിരീകരിച്ചു.
2011 സെപ്റ്റംബറിലാണ് മെസി അവസാനമായി ഇന്ത്യയിലെത്തിയത്. അന്ന് കൊൽക്കത്തയിലെ സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലയെതിരെ നടന്ന സൗഹൃദ മത്സരത്തിലാണ് മെസി അർജന്റീനയുടെ ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തിൽ കളിച്ചത്.
മുമ്പ് അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് കേരള സർക്കാർ – അർജന്റീന ഫുട്ബോൾ അസോസിയേഷൻ തമ്മിൽ വിവാദങ്ങളും ഉണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 24നായിരുന്നു ഫുട്‌ബോള്‍ ഇതിഹാസം മെസിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പ്രഖ്യാപിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രഖ്യാപനം. അര്‍ജന്റീന ദേശീയ ടീമിന്റെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഹെഡ് പാബ്ലോ ഡയസ്, സംസ്ഥാന കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, കെഎഫ്എ സംസ്ഥാന പ്രസിഡന്റ് നവാസ് മീരാന്‍ അടക്കമുള്ളവര്‍ ഓണ്‍ലൈന്‍ വഴി നടത്തിയ ചര്‍ച്ചയിലായിരുന്നു ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ ഫുട്‌ബോള്‍ വികസനത്തില്‍ അര്‍ജന്റീനയുമായി സഹകരിക്കാവുന്ന വിവിധ തലങ്ങളെക്കുറിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികളുമായി ചര്‍ച്ച ചെയ്തുവെന്നും അക്കാര്യത്തില്‍ അവര്‍ സന്നദ്ധത അറിയിച്ചതായും മന്ത്രി പറഞ്ഞിരുന്നു. ലയണല്‍ മെസി അടക്കമുള്ള അര്‍ജന്റീന ദേശീയ ടീം ഇന്ത്യയില്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചെലവ് താങ്ങാന്‍ കഴിയില്ലെന്ന കാരണത്താല്‍ ഇന്ത്യ ആ അവസരം നഷ്ടപ്പെടുത്തിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേരളം അര്‍ജന്റീനയുടെ ദേശീയ ടീമിനെ കേരളത്തിലേയ്ക്ക് ക്ഷണിച്ചത്.
മെസിയേയും സംഘത്തെയും കേരളത്തിലെത്തിക്കുന്നതിനുള്ള സാമ്പത്തിക ബാധ്യത വലിയതായതിനാൽ സർക്കാർ സ്പോൺസർമാരെ അന്വേഷിച്ചു. തുടർന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ആണ് ഔദ്യോഗികമായി ഈ ദൗത്യം ഏറ്റെടുത്തത്. സർക്കാരിന്റെ ഉത്തരവിനുപ്രകാരം 2024 ഡിസംബർ 20ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എഎഫ്എയുമായി കരാറിൽ ഒപ്പുവച്ചു.
‘മെസി വരില്ല’ എന്ന പ്രചാരണം
എന്നാൽ, ഇക്കഴിഞ്ഞ മെയ് മാസത്തിൽ ഒരു വിഭാഗം മാധ്യമങ്ങൾ മെസി കേരളത്തിലെത്തില്ല എന്ന വാർത്ത പ്രചരിപ്പിച്ചു. ഫിഫയുടെ ഫുട്ബോൾ വിൻഡോയെ തെറ്റായി വ്യാഖ്യാനിച്ചാണ് ഈ പ്രചാരണം നടന്നത്. അന്ന് റിപ്പോർട്ടർ ടി.വി മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിൻ ശക്തമായി പ്രതികരിച്ചു:
“മെസി വരില്ലെന്ന് എഎഫ്എ ഔദ്യോഗികമായി പറഞ്ഞിട്ടില്ല. അനുവദിച്ച ദിവസങ്ങളൊഴിച്ച് അവർക്കു മറ്റിടങ്ങളിൽ കളിക്കാൻ കഴിയും. തെറ്റായ വാർത്ത പ്രചരിപ്പിക്കരുത്. ഞങ്ങളുടെ പരിശ്രമങ്ങളെ ഇല്ലാതാക്കരുത്.”
മന്ത്രിയുടെ പ്രതികരണം
തുടർന്ന് 2025 ജൂൺ 6ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഫേസ്ബുക്കിലൂടെ: “മെസി വരുംട്ടാ” എന്ന് പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിൽ ഇത് വൈറലായി. മന്ത്രിയും സർക്കാർ വകുപ്പും നടത്തിയ പരിശ്രമങ്ങൾക്ക് റിപ്പോർട്ടർ ടി.വിയ്ക്ക് നന്ദി രേഖപ്പെടുത്തി.
എന്നിരുന്നാലും, വീണ്ടും ചില മാധ്യമങ്ങൾ “മന്ത്രിയുടെ ഓഫീസ് തന്നെ മെസി വരില്ലെന്ന് അറിയിച്ചു” എന്ന രീതിയിലുള്ള വാർത്തകൾ പ്രചരിപ്പിച്ചു. “കേരളത്തിൽ വലിയൊരു ഫുട്ബോൾ സ്റ്റേഡിയം ഇല്ല, മെസി എങ്ങനെ കളിക്കും” എന്നായിരുന്നു വിമർശകരുടെ ചോദ്യം.
റിപ്പോർട്ടർ ടി.വിയുടെ മറുപടി
വാർത്താ സമ്മേളനം വിളിച്ചുകൊണ്ട് ആന്റോ അഗസ്റ്റിൻ വീണ്ടും വ്യക്തത വരുത്തി:
“മെസി വരില്ലെന്ന് ആരെങ്കിലും ഔദ്യോഗികമായി പറഞ്ഞിട്ടുണ്ടോ? കാര്യങ്ങൾ ഔദ്യോഗികമായി അറിയിക്കട്ടെ. ഞങ്ങളുടെ ശ്രമത്തെ ബഹുമാനിക്കണം. മെസി വരില്ലെന്ന പ്രചാരണം പദ്ധതിയെ തകർക്കാനാണ്.”
ഈ പ്രസ്താവനയ്ക്ക് ശേഷം അഭ്യൂഹങ്ങൾക്ക് അയവുവന്നു.
അവസാന സ്ഥിരീകരണം
ഒടുവിൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) തന്നെയാണ് മെസിയും ടീമും കേരളത്തിലെത്തും എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നവംബർ 10നും 18നും ഇടയിലായിരിക്കും സൗഹൃദ മത്സരം. വേദി തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം ആയിരിക്കും. എതിരാളികളെ പിന്നീട് പ്രഖ്യാപിക്കും.
