കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ഉപയോഗിച്ച സ്വകാര്യ ബസുകൾക്കും ടാക്സികൾക്കും ഇതുവരെ വാടക ലഭിച്ചില്ലെന്ന പരാതിയുമായി ബസ് ഓപ്പറേറ്റർമാർ രംഗത്ത്. സർക്കാർ നിശ്ചയിച്ച താരിഫ് പ്രകാരം നൽകേണ്ട തുക പല സ്ഥലങ്ങളിലും വെട്ടിക്കുറച്ചെന്ന ആരോപണവുമായി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മുന്നോട്ട് വന്നു.
ഇന്ധന വിലവർധനയും ഉയർന്ന ഓപ്പറേഷൻ ചെലവും മൂലം നേരത്തെ തന്നെ പ്രതിസന്ധിയിലായിരുന്ന ഡ്രൈവർമാർക്കും ഉടമകൾക്കും ഇത് ഇരട്ട പ്രഹരമായെന്നാണ് സംഘടനയുടെ പ്രതികരണം.
തദ്ദേശ തിരഞ്ഞെടുപ്പിനിടെ ഉദ്യോഗസ്ഥരെ ബൂത്തുകളിലെത്തിക്കാനും പോളിംഗ് സാമഗ്രികൾ കൊണ്ടുപോകാനുമായി വിന്യസിച്ച സ്വകാര്യ ബസുകൾക്ക് സർക്കാർ താരിഫ് പ്രകാരം പ്രതിദിനം 6,400 രൂപയാണ് വാടകയായി നൽകേണ്ടത്. പല ഇടങ്ങളിലും ബസുകൾ മൂന്നാം ദിവസമാണ് തിരികെ ലഭിച്ചത്. അതിനാൽ മൂന്ന് ദിവസത്തേക്ക് 18,300 രൂപ ലഭിക്കേണ്ടതുണ്ടെങ്കിലും പല തദ്ദേശ സ്ഥാപനങ്ങളിലും വ്യത്യസ്ത രീതിയിലാണ് കണക്കുകൂട്ടിയതെന്ന ആരോപണമുണ്ട്.
Kozhikode കോർപറേഷൻ പരിധിയിൽ മാത്രം 100 ബസുകളാണ് തെരഞ്ഞെടുപ്പ് ആവശ്യത്തിന് വിന്യസിച്ചത്. ജില്ലയിൽ ആകെ മുന്നൂറോളം ബസുകൾ ഓടിയതായി കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ വടകരയിൽ ബസുകൾക്ക് 13,200 രൂപയാണ് കണക്കാക്കിയതെന്നും, ചിലയിടങ്ങളിൽ 8,200 രൂപ മാത്രം അനുവദിച്ചതായും ബസ് ഉടമകൾ ആരോപിക്കുന്നു.
ബസ് ഉടമകൾ ജില്ലാ കലക്ടറെയും തെരഞ്ഞെടുപ്പ് ചുമതലയുള്ള സബ് കലക്ടറെയും കണ്ടു പരാതി അറിയിച്ചു. ബില്ലുകൾ സമർപ്പിച്ചിട്ടുണ്ടെന്നും, പാസാകുന്ന മുറയ്ക്ക് തുക നൽകുമെന്നാണ് അധികൃതരുടെ മറുപടി.
തുക തദ്ദേശ സ്ഥാപനങ്ങൾ വഴിയാണ് വിതരണം ചെയ്യുമെന്നായിരുന്നു മുൻപ് നൽകിയ ഉറപ്പ്. എന്നാൽ ഇപ്പോൾ ‘സർക്കാരിന്റെ കയ്യിൽ പണമില്ല’ എന്ന മറുപടിയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്നതെന്ന് തൊഴിലാളികൾ ആരോപിക്കുന്നു.
