പാചകവാതക പ്രതിസന്ധി രൂക്ഷം; ഭക്ഷണം പാകം ചെയ്യാൻ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാം, സംസ്ഥാനങ്ങൾക്ക് കൂടുതൽ മണ്ണെണ്ണ നൽകുമെന്ന് കേന്ദ്രം

തിരുവനന്തപുരം: രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ എൽപിജിക്ക് പകരം മറ്റ് ഇന്ധനങ്ങൾ ഉപയോഗിക്കാൻ ഹോട്ടൽ–റെസ്റ്റോറന്റ് മേഖലയ്ക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. ഭക്ഷണം പാകം ചെയ്യാൻ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാമെന്നും സംസ്ഥാനങ്ങൾക്ക് അധികമായി മണ്ണെണ്ണ നൽകുമെന്നും കേന്ദ്രം അറിയിച്ചു.

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ ലഭ്യത നിയന്ത്രിച്ചതിനെ തുടർന്നാണ് ബദൽ ഇന്ധനങ്ങൾ ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. സംസ്ഥാനങ്ങൾക്ക് 40,000 ലിറ്റർ അധിക മണ്ണെണ്ണ നൽകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. കൽക്കരി ലഭ്യത വർധിപ്പിക്കാനും നടപടികൾ ആരംഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, ഗാർഹിക എൽപിജിയുടെ കാര്യത്തിൽ പല സംസ്ഥാനങ്ങളിലും ബുക്ക് ചെയ്തശേഷം സിലിണ്ടറുകൾ ലഭിക്കാൻ വൈകുന്നുവെന്ന പരാതിയും ഉയരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ കേന്ദ്രം നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ഇതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂവും ആരംഭിച്ചു.

എൽപിജി സിലിണ്ടറുകളുടെ ക്ഷാമം കാരണം സംസ്ഥാനത്ത് കൂടുതൽ ഹോട്ടലുകൾ അടച്ചുപൂട്ടേണ്ടി വന്നിട്ടുണ്ട്. കൊച്ചിയിലടക്കം നിരവധി തട്ടുകടകൾ പ്രതിസന്ധിയിലായി. ചില ഹോട്ടലുകൾ അടുപ്പ് കൂട്ടിയുള്ള പാചകത്തിലേക്ക് മാറിയിട്ടുണ്ട്.

ബെംഗളുരുവിലും പാചകവാതക പ്രതിസന്ധി ഗുരുതരമാണ്. കരിഞ്ചന്തയിൽ ഒരു സിലിണ്ടറിന്‍റെ വില 5000 രൂപവരെ ഉയർന്നതായി റിപ്പോർട്ടുണ്ട്. ഇതോടെ നിരവധി ഹോട്ടലുകൾ വിറകടുപ്പിലേക്ക് മാറി. ചില കടകളിൽ മധുരമുള്ള ചായയും കാപ്പിയും മെനുവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നഗരത്തിലെ ആയിരക്കണക്കിന് പിജി താമസ കേന്ദ്രങ്ങളിൽ ഭക്ഷണ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

വാണിജ്യ സിലിണ്ടറുകൾ വിതരണം വീണ്ടും ആരംഭിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി അറിയിച്ചിരുന്നെങ്കിലും മുൻപ് നൽകിയിരുന്നതിന്റെ അഞ്ചിലൊന്നിനോട് തുല്യമായ വിതരണമാണ് നിലവിൽ നടക്കുന്നത്. ആഭ്യന്തര എൽപിജി ഉത്പാദനം 25 ശതമാനം വർധിപ്പിച്ചുവെന്ന കേന്ദ്ര സർക്കാരിന്റെ അവകാശവാദം ഉണ്ടായിട്ടും പ്രതിസന്ധിക്ക് ഇതുവരെ പരിഹാരമായിട്ടില്ല.

കേരളത്തിൽ ഏകദേശം 40 ശതമാനം ഹോട്ടലുകൾ അടച്ചുപൂട്ടിയതായി ഹോട്ടലുടമകളുടെ സംഘടന വ്യക്തമാക്കി. പ്രവർത്തിക്കുന്ന ഹോട്ടലുകൾ മെനു വെട്ടിച്ചുരുക്കിയിരിക്കുകയാണ്. വയനാട്ടിൽ മാത്രം പത്തിലധികം ഹോട്ടലുകൾ അടച്ചതായി ഉടമകൾ പറയുന്നു. കൂടുതൽ ഗ്യാസ് ആവശ്യമായ വിഭവങ്ങൾ ഒഴിവാക്കി ഹോട്ടലുകൾ പ്രവർത്തിപ്പിക്കുന്നതായും സമയക്രമത്തിൽ മാറ്റം വരുത്താൻ ആലോചിക്കുന്നതായും ഹോട്ടൽ സംഘടന അറിയിച്ചു.

ഇതിനിടെ, ഗ്രാമീണ മേഖലകളിൽ ഗാർഹിക എൽപിജി സിലിണ്ടർ ബുക്ക് ചെയ്യാനുള്ള ഇടവേള 45 ദിവസമായി വർധിപ്പിച്ചിട്ടുണ്ട്. നഗരങ്ങളിൽ ഇത് നേരത്തെ തന്നെ 25 ദിവസമാക്കിയിരുന്നു. ഒരേസമയം നിരവധി പേർ ഓൺലൈനായി ബുക്ക് ചെയ്യാൻ ശ്രമിക്കുന്നത് സർവർ തകരാറുകൾക്ക് കാരണമാകുന്നതായും ഗ്യാസ് ഏജൻസികൾ വ്യക്തമാക്കുന്നു.

malayalampulse

malayalampulse