മലപ്പുറം: മുനിസിപ്പാലിറ്റിയിൽ കള്ളവോട്ട് ചേർക്കലിന് നേതൃത്വം നൽകിയ എഞ്ചിനീയറിങ് വിഭാഗം സൂപ്രണ്ട് ഷിബു അഹമ്മദിനെ സ്ഥാനത്ത് നിന്നും നീക്കി. പ്രാഥമിക അന്വേഷണം കുറ്റം തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.
സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കൾ വ്യാജരേഖ ചമച്ച് വോട്ടർ പട്ടികയിൽ പേര് ചേർത്തെന്ന യുഡിഎഫിന്റെ ആരോപണങ്ങൾ ശക്തമാണ്. പരാതിയിൽ ജില്ലാ കലക്ടറും, ജില്ലാ പൊലീസ് മേധാവിയും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
മുനിസിപ്പൽ സെക്രട്ടറി പി.ടി. ബാബു പോലീസിൽ പരാതി നൽകിയിരിക്കുമ്പോൾ, ചെയർമാൻ മുജീബ് കാടേരി നേരിട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. അന്വേഷണം കാര്യക്ഷമമാക്കുമെന്നും തുടര്‍ നടപടി ഉണ്ടാകുമെന്നും കമ്മീഷൻ ഉറപ്പ് നൽകി.
അതേസമയം, യുഡിഎഫ് ഹൈക്കോടതിയെ സമീപിച്ചു. വ്യാജമായി പട്ടികയിൽ ഉൾപ്പെടുത്തിയ 9 പേരെ കണ്ടെത്തിയതായും യു.ഡി.എഫ് ആരോപിച്ചു. പുതുതായി ചേർക്കപ്പെട്ടവരെ രേഖകളുമായി തെളിവെടുപ്പിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരാളും ഹാജരായില്ല.
കള്ളവോട്ട് ചേർക്കലിന് പിന്നിൽ സി.പി.എം നേതാക്കളാണെന്ന് യുഡിഎഫ് ആരോപിക്കുന്നു. അന്വേഷണം പുരോഗമിക്കുമ്പോൾ, മലപ്പുറം മുനിസിപ്പാലിറ്റിയിലെ രാഷ്ട്രീയ നീക്കങ്ങൾക്കും സംഘർഷങ്ങൾക്കും ചൂടേറുകയാണ്.
