പൂക്കോട്ടുംപാടം (മലപ്പുറം) ∙ 13 വയസ്സുകാരനോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. സിപിഎം പള്ളിക്കുന്ന് ബ്രാഞ്ച് മുൻ സെക്രട്ടറിയും ഡിവൈഎഫ്ഐ കരുളായി പഞ്ചായത്ത് കമ്മിറ്റി അംഗവും ആയ പള്ളിക്കുന്ന് പൊറ്റമ്മൽ അബ്ബാസ് (40) ആണ് അറസ്റ്റിലായത്.
കേസിന് ആസ്പദമായ സംഭവം കഴിഞ്ഞ ഏപ്രിലിലാണ്. 13 വയസ്സുകാരനെയും ആറാം ക്ലാസിൽ പഠിക്കുന്ന സുഹൃത്തിനെയും പ്രതി അശ്ലീല വീഡിയോ കാണിക്കുകയും പണം നൽകാമെന്ന് പറഞ്ഞ് ലൈംഗികാതിക്രമം നടത്തുകയും ചെയ്തെന്നാണു പരാതി.
കുട്ടികളിലൊരാളുടെ ബന്ധുവിനോട് പ്രതി ഫോണിൽ മാപ്പ് പറയുന്ന ശബ്ദരേഖ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
രാഷ്ട്രീയ ഇടപെടലിനെത്തുടർന്ന് കുട്ടികളിലൊരാളുടെ ബന്ധുക്കൾ പരാതിയിൽനിന്ന് പിന്മാറിയെങ്കിലും 13കാരന്റെ രക്ഷിതാക്കൾ ഉറച്ചുനിന്നു. ഇൻസ്പെക്ടർ വി. അമീറലിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി ജൂലൈ 29ന് കേസെടുത്തു.
ഒളിവിൽ പോയിരുന്ന പ്രതിയെ പാർട്ടി സംരക്ഷിച്ചുവെന്നാരോപിച്ച് സിപിഎമ്മിനകത്ത് തന്നെ പ്രതിഷേധം ഉയർന്നിരുന്നു. ഹൈക്കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചതിനെത്തുടർന്ന് സ്റ്റേഷനിൽ ഹാജരായ പ്രതിയെ എസ്ഐ എം.കെ. അബ്ദുൽ നാസർ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടുകയായിരുന്നു.
