മലപ്പുറം: സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലി മുസ്ലിം ലീഗിൽ അസംതൃപ്തി പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. തിരൂരങ്ങാടി മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി പി.എം.എ സമീറിനെ പ്രഖ്യാപിച്ചതിനെതിരെ മുതിർന്ന നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണിയും വനിതാലീഗും പരസ്യമായി രംഗത്തെത്തി.
ഇതിനിടെ അസംതൃപ്തി പ്രകടിപ്പിച്ച രണ്ടത്താണിയെ ഇടതുപാളയത്തിലേക്ക് കൊണ്ടുവരാനും തിരൂരങ്ങാടിയിലോ താനൂരിലോ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കാനും സിപിഎം ശ്രമം നടത്തിയതായി സൂചന. എന്നാൽ താൻ പാർട്ടി വിടില്ലെന്ന് രണ്ടത്താണി വ്യക്തമാക്കിയതോടെ ഈ നീക്കം പാളുകയായിരുന്നു.
തിരൂരങ്ങാടി സിപിഐ സീറ്റായതിനാൽ രണ്ടത്താണിക്ക് അത് വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിനകം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച സിപിഐ പിൻവലിക്കണമെന്ന സിപിഎം ആവശ്യത്തോട് അനുകൂല നിലപാട് എടുത്തില്ല.
അതേസമയം താനൂരിൽ സ്വതന്ത്രനായ മന്ത്രി വി. അബ്ദുറഹിമാൻ പ്രചാരണത്തിന് ഇറങ്ങാത്ത സാഹചര്യവും ശ്രദ്ധേയമാണ്. മത്സരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചിട്ടും സ്ഥാനാർത്ഥിയാക്കിയതിൽ അബ്ദുറഹിമാൻ അസംതൃപ്തനാണെന്നാണ് റിപ്പോർട്ട്. ഇതോടെ അദ്ദേഹത്തെ ജന്മനാടായ തിരൂരിലേക്ക് മാറ്റുന്നതിനും ആലോചന നടക്കുന്നതായി സൂചന.
പി.എം.എ സമീറിനെ സ്ഥാനാർത്ഥിയാക്കിയത് ചിലരുടെ വ്യക്തിപരമായ താത്പര്യങ്ങൾക്കായാണെന്ന് രണ്ടത്താണി ആരോപിച്ചു. പാർട്ടിപ്രവർത്തകരോ പ്രാദേശിക ഘടകങ്ങളോ ആവശ്യപ്പെടാതെയാണ് സമീറിനെ മത്സരിപ്പിക്കുന്നതെന്നും വിമർശനം ഉയരുന്നു. പി.കെ കുഞ്ഞാലിക്കുട്ടിയുടെ നോമിനിയാണ് സമീർ എന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ഇതിനിടെ ലീഗിലെ അസംതൃപ്തിയെ മുതലെടുക്കാൻ സിപിഎം ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. കെ.ടി ജലീലിന് ശേഷം ലീഗിലെ മറ്റൊരു പ്രമുഖനെ അടർത്തിയെടുക്കാനുള്ള നീക്കമാണ് പരാജയപ്പെട്ടത്. മലപ്പുറത്തെ നാല് സീറ്റുകളിൽ സിപിഎം ഇതുവരെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.
രണ്ടത്താണിയെ അനുനയിപ്പിക്കാൻ ലീഗ് നേതൃത്വവും ശക്തമായ ശ്രമം തുടരുകയാണ്. പ്രശ്നങ്ങൾ ചർച്ച ചെയ്ത് എല്ലാവരെയും ഒറ്റക്കെട്ടായി നിലനിർത്തുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.
അതേസമയം വനിതാലീഗും സ്ഥാനാർത്ഥി നിർണയത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. ഫാത്തിമ തഹ്‌ലിയയും ജയന്തി രാജനും വനിതാലീഗ് നേതാക്കളല്ലെന്ന വാദം ഉയർത്തിയാണ് പ്രതിഷേധം. മലപ്പുറത്തിലെ ഒരു ഉറച്ച സീറ്റിൽ വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാടിനെ പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്.
