മലപ്പുറം ജില്ലാ ആസ്ഥാനത്ത് നേതാക്കളുടെ പേരിൽ ടൗൺ സ്‌ക്വയറുകൾ സ്ഥാപിക്കണം: സെസ്സ് നിവേദനം

മലപ്പുറം: മലപ്പുറം ജില്ലാ ആസ്ഥാനത്തെ പ്രധാന ജംഗ്ഷനുകളിൽ പ്രമുഖ നേതാക്കളുടെ പേരിൽ ടൗൺ സ്‌ക്വയറുകൾ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സെന്റർ ഫോർ എജ്യുക്കേഷണൽ ആൻഡ് സോഷ്യൽ സർവീസ് (സെസ്സ്) ഭാരവാഹികൾ മലപ്പുറം മുനിസിപ്പൽ ചെയർപേഴ്‌സൺ അഡ്വ. റിനിഷ റഫീഖിന് നിവേദനം നൽകി.

മലപ്പുറം കിഴക്കേതല ജംഗ്ഷൻ, മുണ്ടുപറമ്പ് ബൈപ്പാസ് ജംഗ്ഷൻ, കോട്ടപ്പടി ട്രാഫിക് ജംഗ്ഷൻ, മച്ചിങ്ങൽ ബൈപ്പാസ് ജംഗ്ഷൻ എന്നിവിടങ്ങളിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, ഭരണ രംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ,

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ,

മുൻ കേന്ദ്രമന്ത്രി ഇ. അഹമ്മദ്,

മുൻ മുഖ്യമന്ത്രി സി. എച്ച്. മുഹമ്മദ് കോയ

എന്നിവരുടെ പേരിൽ ടൗൺ സ്‌ക്വയറുകൾ സ്ഥാപിക്കണമെന്ന ആവശ്യമാണ് നിവേദനത്തിൽ ഉന്നയിച്ചത്.

നിവേദന സമർപ്പണത്തിന് മുനിസിപ്പൽ കൗൺസിലർ ഹാരിസ് ആമിയൻ, സെസ്സ് ജനറൽ കൺവീനർ പുള്ളാട്ട് ഷംസു, ഗവേണിംഗ് ബോഡി അംഗം ഇല്യാസ് പി.സി, അലി മേലേതിൽ, അൻവർ റഷീദ് ബാഖവി, നിസാർ കാടേരി, ഹുസൈൻ ഊരകം, അമീർ ഊരകം, ജസീം വി.പി, സി.കെ. നജ്മുദ്ധീൻ, അമീർ മനാട്ടി, അദ്നാൻ പുളിക്കൽ എന്നിവർ പങ്കെടുത്തു.

പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ചെയർമാനായ സെസ്സ്, കേരളത്തിനകത്തും പുറത്തുമായി സാമൂഹിക, ജീവകാരുണ്യ, വിദ്യാഭ്യാസ മേഖലകളിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിവരികയാണ്. ജാർഖണ്ഡിലെ പിന്നോക്ക മേഖലയിലും സെസ്സ് കീഴിൽ വിദ്യാഭ്യാസ സ്ഥാപനം പ്രവർത്തിച്ചു വരുന്നു.

malayalampulse

malayalampulse