ഗഡാഗ് (കർണാടക):
സുഹൃത്തിന്റെ വീടാണെന്ന് കരുതി എത്തിയ യുവാവിനെ നാട്ടുകാർ കള്ളനാണെന്ന് തെറ്റിദ്ധരിച്ചു. ഭയന്ന് ഒളിക്കാൻ ശ്രമിച്ച യുവാവ് ഒടുവിൽ കയറിയത് ഒരു തെങ്ങിൽ! അഗ്നിരക്ഷാസേന എത്തിയതോടെയാണ് നാലുമണിക്കൂറിലധികം നീണ്ട നാടകീയതയ്ക്ക് അറുതി വന്നത്.
തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം. ബെലഗാവിയിൽ നിന്നുള്ള ബസവരാജ് സൊല്ലാപൂർ എന്ന യുവാവാണ് തെങ്ങിൽ കുടുങ്ങിയത്. ട്രെയിനിൽ ഗഡാഗിലെ വിവേകാനന്ദ നഗറിൽ എത്തിയ ഇയാൾ, സുഹൃത്തിന്റെ വീടാണെന്ന് കരുതി ഒരു വീടിൻ്റെ വാതിലിൽ മുട്ടുകയായിരുന്നു.
വീട് മാറിയെന്ന കാര്യം മനസിലാക്കി തിരിഞ്ഞു പോകുമ്പോഴേക്കും, കള്ളനാണെന്ന് തെറ്റിദ്ധരിച്ച വീട്ടുകാർ പൊലീസിനെ വിളിച്ചു. പൊലീസെത്തുന്നതു കണ്ടതോടെ ഭയന്ന് ബസവരാജ് അടുത്തുള്ള ഒരു തെങ്ങിൽ കയറി ഒളിച്ചു.
പൊലീസും നാട്ടുകാരും മണിക്കൂറുകളോളം നടത്തിയ തിരച്ചിലിന് ശേഷം ഇയാളെ തെങ്ങിൻ്റെ മുകളിൽ കണ്ടെത്തി. നിരവധി അഭ്യർത്ഥനകൾക്കുശേഷവും “താഴെ ഇറങ്ങാൻ പറ്റുന്നില്ല, എങ്ങനെയാണ് മുകളിൽ കയറിയതെന്നറിയില്ല” എന്നായിരുന്നു ബസവരാജിൻ്റെ മറുപടി.
അവസാനം അഗ്നിരക്ഷാസേന എത്തി ഗോവണി ഉപയോഗിച്ച് ഇയാളെ സുരക്ഷിതമായി താഴെയിറക്കി. സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
