സമാധാന നൊബേല്‍ മരിയ കൊറീന മചാഡോയ്ക്ക്; ട്രംപിന് നിരാശ

ഒസ്ലോ: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവര്‍ത്തകയുമായ മരിയ കൊറീന മചാഡോയ്ക്കാണ് ലഭിച്ചത്.

നൊബേല്‍ കമ്മിറ്റിയുടെ പ്രസ്താവനപ്രകാരം, “വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള അവര്‍ നടത്തിയ അക്ഷീണ പരിശ്രമത്തിനും സ്വേച്ഛാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക് നീതിയുക്തവും സമാധാനപരവുമായ മാറ്റം കൈവരിക്കുന്നതിനായുള്ള പോരാട്ടത്തിനുമാണ്” അവര്‍ക്ക് പുരസ്‌കാരം ലഭിച്ചതെന്ന് അറിയിച്ചു.

“വളര്‍ന്നുവരുന്ന അന്ധകാരത്തിനിടയില്‍ ജനാധിപത്യത്തിന്റെ ദീപശിഖ അണയാതെ കാക്കുന്ന ധീരയും പ്രതിബദ്ധതയുമുള്ള സമാധാനത്തിന്റെ വക്താവിനാണ് 2025-ലെ പുരസ്‌കാരം,” — നൊബേല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

🔸 ട്രംപിന് നിരാശ

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്ക്ക് ഈ പ്രഖ്യാപനം നിരാശയിലാക്കി. സമാധാനത്തിനുള്ള നൊബേല്‍ തനിക്കാണ് അര്‍ഹതയെന്ന് അദ്ദേഹം നിരന്തരം ആവര്‍ത്തിച്ചിരുന്നു. അധികാരമേറ്റ് ഏഴ് മാസത്തിനകം ഇന്ത്യ-പാകിസ്താന്‍, കംബോഡിയ-തായ്‌ലാന്‍ഡ്, കൊസോവോ-സെര്‍ബിയ, കോംഗോ-റുവാണ്ട, ഇസ്രയേല്‍-ഇറാന്‍, ഈജിപ്ത്-എത്യോപ്യ, അര്‍മേനിയ-അസര്‍ബൈജാന്‍ തുടങ്ങി ഏഴ് അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ പരിഹരിച്ചിട്ടുണ്ടെന്നാണ് ട്രംപിന്റെ വാദം.

🔸 മചാഡോയുടെ ജനാധിപത്യ പോരാട്ടം

വെനിസ്വേലയിലെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ ശക്തമായ പ്രതിരോധ ശബ്ദമായിരുന്നു മചാഡോ. അവര്‍ നിരവധി തവണ സര്‍ക്കാറിന്റെ നിരോധനങ്ങളെയും ഭീഷണികളെയും നേരിട്ടു. ജനങ്ങളുടെ അവകാശങ്ങള്‍ക്കായി സമാധാനപരമായ പോരാട്ടം തുടരുകയാണ് മചാഡോ.

കഴിഞ്ഞവര്‍ഷം യൂറോപ്യന്‍ യൂണിയന്‍ തങ്ങളുടെ പരമോന്നത മനുഷ്യാവകാശ പുരസ്‌കാരം മരിയ കൊറീന മചാഡോയ്ക്കും മറ്റൊരു വെനിസ്വേലന്‍ പ്രതിപക്ഷ നേതാവായ എഡ്മുണ്ടോ ഗോണ്‍സാലസ് ഉറുട്ടിയയ്ക്കും സമ്മാനിച്ചിരുന്നു.

malayalampulse

malayalampulse