മേയർ–ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് 26ന്; പഞ്ചായത്തുകളിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27ന്

തിരുവനന്തപുരം | 16 ഡിസംബർ 2025 (ചൊവ്വ)

സംസ്ഥാനത്തെ കോർപ്പറേഷനുകളിലെ മേയർ തെരഞ്ഞെടുപ്പും മുനിസിപ്പാലിറ്റികളിലെ ചെയർപേഴ്സൺ തെരഞ്ഞെടുപ്പും ഈ മാസം 26ന് നടക്കും. രാവിലെ 10.30ന് തെരഞ്ഞെടുപ്പ് ആരംഭിക്കും. ഉച്ചയ്ക്ക് 2.30ന് ശേഷം ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി ചെയർപേഴ്സൺ തെരഞ്ഞെടുപ്പുകളും നടക്കും.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഈ മാസം 21ന് (ഞായറാഴ്ച) നടത്തും.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 2.30നും നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

വോട്ടവകാശമുള്ള അംഗങ്ങളുടെ എണ്ണത്തിന്റെ പകുതി അംഗങ്ങൾ ഹാജരായാൽ ക്വാറം പൂർത്തിയാകും. ക്വാറം ഇല്ലാത്ത സാഹചര്യത്തിൽ, തൊട്ടടുത്ത പ്രവൃത്തിദിവസം വീണ്ടും യോഗം ചേർന്ന് ക്വാറം ഇല്ലാതെയും തെരഞ്ഞെടുപ്പ് നടത്താൻ നിയമപരമായ അനുവാദമുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായതോടെ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിച്ചു. എന്നാൽ സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവച്ച മലപ്പുറം ജില്ലയിലെ മൂത്തേടം, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമ പഞ്ചായത്ത്, തിരുവനന്തപുരം കോർപ്പറേഷനിലെ 66-ാം ഡിവിഷനായ വിഴിഞ്ഞം എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ മാതൃകാ പെരുമാറ്റച്ചട്ടം തുടരും.

malayalampulse

malayalampulse