തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്രിതർക്കുമായി നടപ്പിലാക്കിയ മെഡിസെപ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
സർക്കാർ ജീവനക്കാർ, സർവീസ്–കുടുംബ പെൻഷൻകാർ, സർവകലാശാലകളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാരും പെൻഷൻകാറും അവരുടെ ആശ്രിതരുമടങ്ങുന്ന നിലവിലെ മുഴുവൻ ഗുണഭോക്താക്കളെയും പുതുക്കിയ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതുക്കിയ പദ്ധതിയിൽ വാർഷിക സൗജന്യ ചികിത്സാ പരിരക്ഷ മൂന്ന് ലക്ഷം രൂപയിൽ നിന്ന് അഞ്ച് ലക്ഷം രൂപയായി വർധിപ്പിച്ചു. പ്രതിമാസം 687 രൂപ പ്രീമിയമായി അടച്ചാൽ മതി. പദ്ധതി അംഗത്തിന്റെയും ആശ്രിതരുടെയും പ്രീമിയമായി വർഷം നൽകേണ്ടത് 8,244 രൂപ മാത്രമാണ്. പദ്ധതിയുടെ നിർവഹണ ചുമതല ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്കാണ്.
ഹെൽത്ത് ബെനിഫിറ്റ് പാക്കേജ് 2022 അനുസരിച്ചുള്ള ചികിത്സാ പാക്കേജുകൾ പുതുതായി ഉൾപ്പെടുത്തിയതോടെ കൂടുതൽ ആശുപത്രികളെ പദ്ധതിയിൽ ഉൾപ്പെടുത്താൻ സാധിക്കും. എംപാനൽ ചെയ്ത ആശുപത്രികളിൽ ക്യാഷ്‌ലെസ് കിടത്തി ചികിത്സ ലഭ്യമാകും. മെഡിക്കൽ–സർജിക്കൽ വിഭാഗങ്ങളിലായി 2,516 പാക്കേജുകളാണ് പുതുക്കിയ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഇത് 1,920 ആയിരുന്നു.
പ്രതിദിനം 5,000 രൂപവരെ മുറിവാടക നിശ്ചയിച്ചിട്ടുണ്ട്. സർക്കാർ പേ വാർഡ് മുറികൾക്ക് 2,000 രൂപവരെയാണ് വാടക. ഒരേ സമയം മെഡിക്കൽ, സർജിക്കൽ പാക്കേജുകൾക്ക് പരിരക്ഷ ലഭിക്കുന്നതാണ് പുതിയ പദ്ധതി.
ഡയാലിസിസ്, കീമോതെറാപ്പി പോലുള്ള തുടർച്ചയായ ചികിത്സകൾക്കായി ഒറ്റത്തവണ രജിസ്ട്രേഷൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്. മുട്ട് മാറ്റിവയ്ക്കൽ, ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ സ്വകാര്യ ആശുപത്രികളിലും ലഭ്യമാക്കും.
എംപാനൽ ചെയ്യാത്ത ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആന്റ് ടെക്നോളജി, ജിപ്മർ തുടങ്ങിയ സ്ഥാപനങ്ങളിലെ ചികിത്സകൾക്കും റീ-ഇംപേഴ്സ്മെന്റ് അനുവദിക്കും. അവയവ മാറ്റ ശസ്ത്രക്രിയകൾ ഉൾപ്പെടെ പത്ത് അതീവ ഗുരുതര ചികിത്സകൾക്കുള്ള അധിക പരിരക്ഷയും തുടരും.
റോഡ് അപകടം, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിൽ ചികിത്സ തേടിയാൽ ചെലവ് റീ-ഇംപേഴ്സ്മെന്റ് ആയി ലഭിക്കും. പ്രായപരിധിയില്ലാതെ എല്ലാവർക്കും പദ്ധതിയിൽ അംഗത്വം അനുവദിക്കും. 24×7 കാൾ സെന്ററും ത്രിതല പരാതി പരിഹാര സംവിധാനവും പദ്ധതിയുടെ ഭാഗമാണ്.
