കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ മെമ്മറി കാർഡ് വിവാദത്തിൽ നടി ഉഷ ഹസീന പരാതി നൽകാനൊരുങ്ങുന്നു. ഇടവേള ബാബുവിനും കുക്കു പരമേശ്വരനും എതിരായാണ് പരാതി. സംഘടനയിലെ വനിതാ അംഗങ്ങളുടെ പ്രശ്നങ്ങൾ രേഖപ്പെടുത്തിയ മെമ്മറി കാർഡ് എവിടെയെന്നത് കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് നടപടി.
മീ ടൂ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ, ‘അമ്മ’യിലെ വനിതാ അംഗങ്ങൾക്ക് പ്രശ്നങ്ങൾ തുറന്നു പറയാനായി നടത്തിയ യോഗത്തിൽ പറഞ്ഞ കാര്യങ്ങൾ റെക്കോർഡ് ചെയ്തിരുന്നു. കുക്കു പരമേശ്വരനാണ് കാർഡ് കൈകാര്യം ചെയ്തത്. എന്നാൽ അത് ഹേമാ കമ്മിറ്റിക്കുമുന്നിൽ സമർപ്പിക്കാത്തതും തുടർനടപടികൾ ഉണ്ടായില്ലെന്നും ഉഷ ഹസീന ആരോപിക്കുന്നു. ഇടവേള ബാബുവിന്റെ കയ്യിലുമുണ്ടാകാമെന്ന സംശയവും അവർ ഉന്നയിച്ചു.
അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന കുക്കു പരമേശ്വരൻ, മെമ്മറി കാർഡ് വിവാദം തെരഞ്ഞെടുപ്പ് മത്സരത്തിൽ പങ്കെടുത്തതിനെ തുടർന്ന് ഉയർന്ന ഗൂഢാലോചനയാണെന്ന് ആരോപിക്കുന്നു. തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ അപകീർത്തിപരമായ പ്രചാരണമുണ്ടെന്നും അദ്ദേഹം ഡിജിപിക്കു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
