കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതത്തിൽ മരിച്ച വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിന് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് വീടൊരുക്കുന്നു. “മിഥുന്റെ വീട് എന്റെയും” എന്ന പേരിൽ നടത്തുന്ന ഭവനനിർമ്മാണത്തിന്റെ ശിലാസ്ഥാപനം ഇന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.
ചടങ്ങിൽ ധനമന്ത്രി കെ. എൻ. ബാലഗോപാൽ, കോവൂർ കുഞ്ഞുമോൻ എംഎൽഎ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി എൻ. കെ. പ്രഭാകരൻ എന്നിവർ പങ്കെടുക്കും.
ജൂലൈ 17നാണ് മിഥുൻ സ്കൂൾ പരിസരത്ത് വൈദ്യുതാഘാതമേറ്റ് മരിച്ചത്. സ്കൂളിൽ അപകടകരമായ രീതിയിൽ നിർമ്മിച്ച സൈക്കിൾ ഷെഡിന് മുകളിലൂടെ കടന്നുപോയ വൈദ്യുതി ലൈനിൽ നിന്നാണ് ഷോക്കേറ്റത്. സംഭവത്തിന് പിന്നാലെ എച്ച്.എമ്മിനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്യുകയും, സ്കൂൾ മാനേജ്മെന്റ് പിരിച്ചുവിടുകയും ചെയ്തു. കൂടാതെ, തേവലക്കര സെക്ഷനിലെ ഓവർസിയറെ കെഎസ്ഇബിയും സസ്പെൻഡ് ചെയ്തു.
മിഥുനിന്റെ ഓർമ്മയ്ക്കും കുടുംബത്തിന്റെ സുരക്ഷിത ഭാവിക്കും വേണ്ടിയാണ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ഈ വീടു നിർമ്മാണ പദ്ധതി.
