തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ എം.കെ മുനീറിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ മുനീർ സ്റ്റേബിള്‍ നിലയിലാണ്. അദ്ദേഹത്തെ ചികിൽസിക്കുന്ന ഡോക്ടർ വേണുവുമായി ഫോൺ സംസാരിച്ചതായും അദ്ദേഹം വേഗം രോഗം ഭേദമായി ഡിസ്ചാർജ് ആകട്ടെയെന്നു ആശംസിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിനോടൊപ്പം ഹൃദയാഘാതവും ഉണ്ടായതിനെ തുടർന്ന് മുനീറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കൊടുവള്ളി മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.
പോസ്റ്റിന്റെ പൂർണരൂപം:
ബഹു എംഎൽഎ, മുൻ മന്ത്രി ശ്രീ എം.കെ മുനീറിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു എന്നത് ആശ്വാസകരം ആണ്. നിലവിൽ അദ്ദേഹം സ്റ്റേബിൾ ആണ്. അദ്ദേഹത്തെ ചികിൽസിക്കുന്ന ബഹു.ഡോക്ടർ വേണുവുമായി ഫോണിൽ ഇന്ന് സംസാരിച്ചിരുന്നു. അദ്ദേഹം വേഗം രോഗം ഭേദമായി ഡിസ്ചാർജ് ആകട്ടെ എന്ന് ആശംസിക്കുന്നു.
