സമരങ്ങൾ ജനവിരുദ്ധ നയങ്ങൾക്കെതിരെ; കേസുകളെ നിയമപരമായി നേരിടും – അറസ്റ്റ് വാറന്റിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ

പാലക്കാട്: തനിക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിൽ പ്രതികരിച്ച് വടകര എംപി ഷാഫി പറമ്പിൽ. നിരവധി സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും, അതിന്റെ ഭാഗമായി പല കേസുകളും നിലവിലുണ്ടെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ഈ സമരങ്ങൾ എല്ലാം ജനങ്ങൾക്കായിരുന്നുവെന്നും, ജനവിരുദ്ധ നയങ്ങൾ സ്വീകരിച്ച സർക്കാരിനെതിരെയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കേസുകളെ നിയമപരമായി നേരിടുമെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു.

പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഷാഫി പറമ്പിലിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. 2022 ജൂൺ 24ന് പാലക്കാട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) ആണ് ഷാഫി പറമ്പിലിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ടത്.

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തകർത്തതിൽ പ്രതിഷേധിച്ചായിരുന്നു 2022 ജൂൺ 24ന്, അന്ന് പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ദേശീയപാത ഉപരോധം നടത്തിയത്. ചന്ദ്രനഗറിൽ ചെമ്പലോട് പാലത്തിന് സമീപം നാൽപ്പതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ദേശീയപാത ഉപരോധിച്ചത്.

കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഷാഫി പറമ്പിലാണ് ഒന്നാം പ്രതി. അന്ന് യൂത്ത് കോൺഗ്രസിന്റെ ഭാഗമായിരുന്ന, നിലവിൽ ഇടതുപക്ഷത്തേക്ക് മാറിയ പി. സരിൻ കേസിൽ ഒമ്പതാം പ്രതിയായിരുന്നു. നേരത്തെ കോടതിയിൽ ഹാജരായ പി. സരിന് 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷ വിധിച്ചിരുന്നു.

ഷാഫി പറമ്പിൽ ഇതുവരെ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും.

malayalampulse

malayalampulse