ന്യുഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ഭീകര സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ നേരിട്ട് സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
രണ്ടുദിവസത്തെ ഭൂട്ടാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി തലസ്ഥാനത്ത് തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു മോദിയുടെ സന്ദര്‍ശനം.
ലോക്‌നായക് ആശുപത്രിയിലെത്തിയ മോദി പരിക്കേറ്റവരുമായി സംസാരിച്ചു, വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.
‘എല്‍എന്‍ജെപി ആശുപത്രി സന്ദര്‍ശിക്കുകയും ഡല്‍ഹി സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ കാണുകയും ചെയ്തു. അവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നു. ഈ ആക്രമണത്തിന് പിന്നിലെ നിഗൂഢ ശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും,’ – മോദി എക്‌സ് (മുന്‍ ട്വിറ്റര്‍)ല്‍ കുറിച്ചു.
തിങ്കളാഴ്ച വൈകുന്നേരം 6.55ഓടെയാണ് ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം സ്‌ഫോടനം ഉണ്ടായത്. 13 പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അന്വേഷണസംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം ഫരീദാബാദ് ഭീകരസംഘവുമായി ബന്ധമുള്ള ഡോക്ടറും ചാവേര്‍ ബോംബറുമായ ഉമര്‍ നബിയാണ് ആക്രമണം നടത്തിയതെന്നാണ് കണ്ടെത്തല്‍.
റെയ്ഡിനിടെ അമോണിയം നൈട്രേറ്റ് അടക്കം ഏകദേശം 2,900 കിലോഗ്രാം ബോംബ് നിര്‍മ്മാണ വസ്തുക്കള്‍ കണ്ടെത്തിയതായും വിവരം.
അതേസമയം, എന്‍ഐഎ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഫരീദാബാദ്, സഹറന്‍പുര്‍ എന്നിവിടങ്ങളില്‍ നിന്ന് അറസ്റ്റിലായ ഡോക്ടര്‍മാരായ ആദില്‍, മുസ്മീല്‍, ഷഹീനാ എന്നിവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ പങ്ക് സംശയിക്കുന്നുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായ് ഐ 20 കാര്‍ ഫരീദാബാദ് അല്‍-ഫലാഹ് മെഡിക്കല്‍ കോളജ് കാമ്പസിനുള്ളില്‍ 11 ദിവസം പാര്‍ക്ക് ചെയ്തിരുന്നതായും, ആക്രമണദിവസം രാവിലെ ഡോ. ഉമര്‍ നബി തന്നെ കാര്‍ ഓടിച്ച് പുറപ്പെട്ടതായും അന്വേഷണം വ്യക്തമാക്കുന്നു.
