തിരുവനന്തപുരം: ഇന്ത്യൻ ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കേ പുരസ്‌കാരം നേടിയ നടൻ മോഹൻലാലിന് കേരളം ആദരമർപ്പിച്ചു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച “മലയാളം വാനോളം ലാൽസലാം” എന്ന പരിപാടിയിലാണ് സംസ്ഥാന സർക്കാർ മോഹൻലാലിനെ ആദരിച്ചത്.
ആദരം ഏറ്റുവാങ്ങിക്കൊണ്ട് മോഹൻലാൽ പറഞ്ഞു:
“ഇത് ഞാന്‍ ജനിച്ചുവളര്‍ന്ന മണ്ണാണ്. ഈ സ്വീകരണം നല്‍കുന്നത് എന്നെ ഞാനാക്കി മാറ്റിയ മലയാളവും മലയാളികളുമാണ്. 48 വർഷം നീണ്ട അഭിനയജീവിതത്തിൽ വാനോളം പ്രശംസയും പാതാളത്തോളം പഴിയും വിമർശനവും അനുഭവിച്ചിട്ടുണ്ട്. രണ്ടിനെയും സമഭാവത്തോടെ തന്നെയാണ് കാണുന്നത്.”
അഭിനയം എളുപ്പമല്ലെന്നും ഓരോ കഥാപാത്രത്തിലേക്കും കടക്കുമ്പോഴും ദൈവത്തിന്റെ അനുഗ്രഹം തേടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“ജോലിയാണ് എന്റെ ഈശ്വരൻ. അതിനോടുള്ള ഉപാസനാനിഷ്ഠയാണ് എനിക്ക് ശക്തി നൽകുന്നത്,” മോഹൻലാൽ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
മോഹൻലാൽ തന്റെ പ്രസംഗം മലയാളഭാഷയോടും സംസ്കാരത്തോടും വന്ദനം അർപ്പിച്ച് അവസാനിപ്പിച്ചു: “നന്ദി, നന്ദി, നന്ദി… ജയ്ഹിന്ദ്.”
