കൊച്ചി: ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ ആദ്യമായി കേരളത്തിലെത്തിയ മോഹൻലാൽ, കൊച്ചിയിലെ വസതിയിലെത്തി അമ്മ ശാന്തകുമാരിയെ കണ്ടു അനുഗ്രഹം തേടി.
രാവിലെ ആറരയ്ക്ക് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഏഴുമണിയോടെ എളമക്കരയിലെ ‘ശ്രീഗണേഷ്’ വസതിയിലെത്തി. അമ്മയുടെ എല്ലാ പ്രാര്‍ത്ഥനകളും ഉണ്ടെന്ന് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് നടന്‍ കുണ്ടന്നൂരിലെ ഫ്‌ളാറ്റിലേക്ക് പോയി.
തനിക്ക് ലഭിച്ച അംഗീകാരം മലയാള സിനിമയ്ക്കാണ് സമർപ്പിക്കുന്നതെന്നും, അത് പുതിയ തലമുറയ്ക്ക് പ്രചോദനമാകട്ടേയെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
“ഏറ്റവും വലിയ സന്തോഷം. ദൈവത്തിനും പ്രേക്ഷകർക്കും നന്ദി. 48 വർഷം കൂടെ നിന്ന എല്ലാവരോടും എന്റെ സ്നേഹവും പ്രാർത്ഥനയും അറിയിക്കുന്നു. മലയാള സിനിമയ്ക്കാണ് ഈ അംഗീകാരം സമർപ്പിക്കുന്നത്,” മോഹൻലാൽ കൂട്ടിച്ചേർത്തു.
