മോൻതാ ചുഴലിക്കാറ്റ് കരയിലേക്ക്; 100 കിലോമീറ്റർ വേഗതയിൽ കാറ്റ്, വിമാന-ട്രെയിൻ സർവീസുകൾ റദ്ദാക്കി

ഹൈദരാബാദ്: മോൻതാ ചുഴലിക്കാറ്റ് കരയിലേക്ക് നീങ്ങുന്നതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ലാൻഡ് ഫാളിങ് പ്രതിഭാസം മൂന്ന് മുതൽ നാല് മണിക്കൂർ വരെ തുടരുമെന്നും അറിയിച്ചു. നിലവിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 15 കിലോമീറ്ററാണ്, കര തൊടുമ്പോൾ അത് 90 മുതൽ 100 കിലോമീറ്റർ വരെ ഉയരുമെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.

ആന്ധ്രയിലെ മച്ലിപട്ടണം മുതൽ കലിംഗപട്ടണം വരെയുള്ള തീരപ്രദേശങ്ങളിലായിരിക്കും ചുഴലിക്കാറ്റ് കരതൊടുക. മുൻകരുതലിന്റെ ഭാഗമായി തീരപ്രദേശങ്ങളിൽ നിന്ന് നൂറുകണക്കിന് ആളുകളെ മാറ്റിയതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികൾ അറിയിച്ചു. കാക്കിനഡ, കോണസീമ മേഖലകളിൽ ഗർഭിണികളെയും മുതിർന്ന പൗരന്മാരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

ചുഴലിക്കാറ്റിന്റെ പ്രത്യാഘാതത്തെ തുടർന്ന് വിശാഖപട്ടണം വിമാനത്താവളത്തിലെ സർവീസുകൾ റദ്ദാക്കി. എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെ പ്രധാന എയർലൈൻസുകൾ എല്ലാ സർവീസുകളും താൽക്കാലികമായി നിർത്തി. കൂടാതെ വിശാഖപട്ടണം വഴിയുള്ള നൂറോളം ട്രെയിനുകളും റദ്ദാക്കിയതായി റെയിൽവേ വകുപ്പ് അറിയിച്ചു.

കാലാവസ്ഥാ വകുപ്പ് തീരപ്രദേശങ്ങളിലുള്ള മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശിച്ചു.

malayalampulse

malayalampulse