നടി മൃണാൾ താക്കൂറും നടൻ ധനുഷും പ്രണയത്തിലാണെന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോൾ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് മൃണാൾ.
‘ഒൺലി കോളിവുഡി’നു നൽകിയ അഭിമുഖത്തിൽ മൃണാൾ വ്യക്തമാക്കി — ധനുഷ് തന്റെ നല്ല സുഹൃത്താണെന്നും, ഇത്തരം ഗോസിപ്പ് കഥകളെ തമാശയായി മാത്രമേ കാണുന്നുള്ളുവെന്നും. ഓഗസ്റ്റ് ഒന്നിന് മൃണാളിന്റെ ജന്മദിനാഘോഷത്തിലും ‘സൺ ഓഫ് സർദാർ 2’ സിനിമയുടെ പ്രദർശനത്തിലും ഇരുവരും ഒരുമിച്ച് എത്തിയതാണ് ഇത്തരം വാർത്തകൾക്ക് തുടക്കമായത്.
“ഞാൻ വ്യക്തിപരമായി ധനുഷിനെ ക്ഷണിച്ചിട്ടില്ല. നടൻ അജയ് ദേവ്ഗണാണ് ക്ഷണിച്ചത്. പരിപാടിയിൽ ധനുഷ് പങ്കെടുത്തതിനെക്കുറിച്ച് ആരും അധികം ചിന്തിക്കേണ്ടതില്ല,” മൃണാൾ വ്യക്തമാക്കി.
ധനുഷിന്റെ വരാനിരിക്കുന്ന ‘തേരേ ഇഷ്ക് മേ’ സിനിമയ്ക്കായി എഴുത്തുകാരിയും നിർമ്മാതാവുമായ കനിക ദില്ലൺ സംഘടിപ്പിച്ച പാർട്ടിയിലും ഇരുവരും പങ്കെടുത്തിരുന്നു. അപ്പോൾ ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത ചിത്രങ്ങളും കനിക സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
സമീപകാലത്ത് ധനുഷിന്റെ സഹോദരിമാരായ ഡോ. കാർത്തികയെയും വിമല ഗീതയെയും മൃണാൾ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്തതും നെറ്റിസൺമാർ അവരുടെ ബന്ധത്തെക്കുറിച്ച് കൂടുതൽ ചർച്ച ചെയ്യാൻ കാരണമായി. എന്നാൽ, ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നതാണ് മൃണാളിന്റെ നിലപാട്
