കോട്ടയം: ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു ഏറ്റുമാനൂർ ക്ഷേത്രത്തിലും ഗുരുതരമായ ക്രമക്കേടുകൾ നടത്തിയതായി ദേവസ്വം വിജിലൻസ് കണ്ടെത്തി. ദേവസ്വം ബോർഡിന്റെ അനുമതിയില്ലാതെ നാഗപ്പാത്തികൾ വിളക്കിച്ചേർത്തതും, അനധികൃത പണപ്പിരിവും നടത്തിയതുമാണ് റിപ്പോർട്ടിലെ പ്രധാന ആരോപണങ്ങൾ.
2021–22 കാലഘട്ടത്തിൽ ഏറ്റുമാനൂർ ക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരിക്കെ മുരാരി ബാബു ചെയ്ത അഴിമതി പ്രവൃത്തികൾ വിശദമായി വിവരിക്കുന്നതാണ് വിജിലൻസ് റിപ്പോർട്ട്. സ്വർണ രുദ്രാക്ഷ മാല വിവാദവും ശ്രീകോവിലിലെ അഗ്നിബാധയും അതേ കാലഘട്ടത്തിലാണ് ഉണ്ടായത്.
അഗ്നിബാധയ്ക്ക് പിന്നാലെ പത്തുലക്ഷം രൂപയിലധികം ചെലവായ പരിഹാരക്രിയകൾക്കായി ഭക്തരിൽ നിന്ന് പകുതിയിലധികം പണം പിരിച്ചെടുത്തതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ‘ആയിരംകുടം അഭിഷേകം’ ഉൾപ്പെടെയുള്ള വഴിപാടുകൾക്കായി പണം സ്വീകരിച്ചിട്ടും രസീത് നൽകിയിട്ടില്ലെന്നതാണ് വിജിലൻസ് കണ്ടെത്തൽ.
മുരാരി ബാബുവിന്റെ പേരിലുള്ള ധനലക്ഷ്മി ബാങ്ക് അക്കൗണ്ടിലൂടെയുള്ള ധന ഇടപാടുകൾ സംശയകരമാണെന്നും, ക്ഷേത്ര തന്ത്രിയെയും ദേവസ്വം ബോർഡിനെയും തെറ്റിദ്ധരിപ്പിച്ച് പരിഹാരക്രിയകൾ വളഞ്ഞ വഴിയിലൂടെ നടത്തിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
അഗ്നിബാധയിൽ ശ്രീകോവിലിലെ സ്വർണ പ്രഭയ്ക്ക് കേടുപാടുണ്ടായപ്പോൾ, അതിൽ നിന്ന് അടർന്നുവീണ മൂന്ന് സ്വർണ നാഗപ്പാത്തികൾ ദേവസ്വം ബോർഡിന്റെ അനുമതിയില്ലാതെ വിളക്കിച്ചേർത്തതായും റിപ്പോർട്ടിൽ പറയുന്നു.
വിജിലൻസ് നടപടി വേണമെന്ന ശുപാർശ നൽകിയിട്ടും, ദേവസ്വം ബോർഡ് അത് പൂഴ്ത്തിയുവെച്ച് മുരാരി ബാബുവിനെ സ്ഥാനക്കയറ്റം നൽകി വൈക്കം ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറായി നിയമിച്ചു. തുടർന്ന് ശബരിമലയിലും ഹരിപ്പാടിലും നിയമനങ്ങൾ ലഭിച്ചു.
ഒടുവിൽ ശബരിമല സ്വർണപ്പാളി വിഷയത്തിൽ പൊട്ടിത്തെറിച്ച വിവാദത്തിനു ശേഷം മാത്രമാണ് നടപടിയെടുത്തത്. ഇതിനെതിരെ യൂത്ത് കോൺഗ്രസ് ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫിസിലേക്ക് മാർച്ച് നടത്തി.
