വയനാട്: ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിൽ സർവ്വസ്വവും നഷ്ടപ്പെട്ടവർക്കായി മുസ്ലീം ലീഗ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഇന്ന് നടക്കും. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ഷിഹാബ് തങ്ങൾ വൈകുന്നേരം നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. വയനാട് എം.പി പ്രിയങ്കാ ഗാന്ധി ചടങ്ങിൽ മുഖ്യാതിഥിയാകും.
ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ 51 വീടുകളാണ് ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറുന്നത്. ദുരന്തബാധിതർക്കായി ആകെ 105 വീടുകളാണ് ലീഗ് വിഭാവനം ചെയ്തിരിക്കുന്നത്. മേപ്പാടിക്ക് സമീപം വള്ളിത്തോട്ടിലെ 11.5 ഏക്കർ സ്ഥലത്താണ് പുനരധിവാസ ഗ്രാമം ഒരുക്കിയിരിക്കുന്നത്. എട്ട് സെന്റ് ഭൂമിയിൽ 1060 സ്ക്വയർ ഫീറ്റിലാണ് ഓരോ വീടും നിർമ്മിച്ചിരിക്കുന്നത്. മൂന്ന് കിടപ്പുമുറികൾ, രണ്ട് അറ്റാച്ച്ഡ് ബാത്ത്റൂമുകൾ എന്നിവയുൾപ്പെടെ വിപുലമായ സൗകര്യങ്ങൾ ഓരോ വീടിനുമുണ്ട്.
ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കുന്ന മാതൃകാ ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ കൈമാറ്റവും പട്ടയ വിതരണവും നാളെ നടക്കും. 178 വീടുകളാണ് ആദ്യഘട്ടത്തിൽ സർക്കാർ നൽകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും.
