മുട്ടില്‍ മരംമുറി കേസ്: പ്രതികള്‍ക്ക് തിരിച്ചടി; ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടി വയനാട് ജില്ലാ കോടതി ശരിവച്ചു

വയനാട്: ഏറെ കോളിളക്കം സൃഷ്ടിച്ച മുട്ടില്‍ ഈട്ടിക്കൊള്ള കേസില്‍ പ്രതികള്‍ക്ക് കനത്ത തിരിച്ചടി. 2021ലെ ഈട്ടിമരം മുറിയുമായി ബന്ധപ്പെട്ട് വനംവകുപ്പ് കണ്ടുകെട്ടിയ ഈട്ടിത്തടികള്‍ സര്‍ക്കാരിലേക്ക് തന്നെ വരേണ്ടതാണെന്ന് വയനാട് ജില്ലാ കോടതി വ്യക്തമാക്കി. ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ അപ്പീല്‍ കോടതി തള്ളി.

ഉപാധികളോടെ പട്ടയമുള്ള ഭൂമിയില്‍ നിന്നു മുറിച്ചെടുത്ത മരങ്ങള്‍ വനംവകുപ്പ് പിടികൂടിയതിനെതിരെയാണ് പ്രതികള്‍ അപ്പീലുമായി കോടതിയെ സമീപിച്ചത്. എന്നാല്‍ സര്‍ക്കാരിന് അവകാശപ്പെട്ട മരങ്ങളാണിവയെന്നും അപ്പീല്‍ നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

10 കോടി രൂപയിലധികം വിലമതിക്കുന്ന 120 ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടിക്കെതിരെയാണ് ആന്റോ അഗസ്റ്റില്‍, റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവര്‍ അപ്പീല്‍ നല്‍കിയിരുന്നത്. ജില്ലാ ജഡ്ജി വി. മൃദുലയാണ് വനംവകുപ്പിന്റെ നടപടി ശരിവച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.

ഉപാധികളോടെ പട്ടയം ലഭിച്ച ഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങള്‍ മുറിക്കാന്‍ 2020 ഒക്ടോബറിലാണ് റവന്യൂ വകുപ്പ് വിവാദ ഉത്തരവിറക്കിയത്. 1960ന് ശേഷം നട്ടുവളര്‍ത്തിയതും സ്വയം കിളിര്‍ത്തതുമായ ചന്ദനമൊഴികെയുള്ള മരങ്ങള്‍ മുറിക്കാനായിരുന്നു അനുമതി. എന്നാല്‍ ഈ ഉത്തരവിന്റെ മറവില്‍ വ്യാപകമായി ഈട്ടിക്കൊള്ള നടന്നതിനെ തുടര്‍ന്ന് 2021 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.

ഇതിനകം 100 മുതല്‍ 250 വര്‍ഷം വരെ പഴക്കമുള്ള നിരവധി ഈട്ടിമരങ്ങളാണ് മുറിച്ചുവീണത്. സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പ് 41 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വനം, പൊലീസ്, റവന്യൂ വകുപ്പുകള്‍ ചേര്‍ന്ന് 120ലധികം കേസുകള്‍ എടുത്തിട്ടുണ്ട്. പല കേസുകളിലും കുറ്റപത്രം സമര്‍പ്പിക്കുന്ന നടപടി പുരോഗമിക്കുകയാണ്.

malayalampulse

malayalampulse