തിരുവനന്തപുരം: സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ യാതൊരു വികാരവും ഇല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഐഎം നടത്തിയ ഗൃഹ സമ്പർക്ക പരിപാടിയിലൂടെ അത് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ജനങ്ങളുമായി കൂടുതൽ അടുക്കേണ്ടതിന്റെ ആവശ്യകത ഗൃഹസന്ദർശനത്തിൽ വ്യക്തമായതായും, ജനങ്ങൾ ഉന്നയിച്ച വിമർശനങ്ങൾ ഉൾക്കൊണ്ട് പേരായ്മകൾ തിരുത്തി മുന്നോട്ട് പോകുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. ജനങ്ങളുടെ നിർദ്ദേശങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്നും എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തിൽ കള്ളക്കഥകൾ പൊളിഞ്ഞെന്നും ജനങ്ങൾക്ക് അത് വ്യക്തമായെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസിൽ സിപിഐഎം ആരെയും സംരക്ഷിക്കില്ലെന്നും വ്യക്തമാക്കി. സോണിയ ഗാന്ധിയെ കാണാൻ പോറ്റി എന്തിനാണ് പോയതെന്ന ചോദ്യത്തിന് ഉത്തരമില്ലെന്നും അദ്ദേഹം വിമർശിച്ചു.
കൊടിമരവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എസ്ഐടിക്കെതിരെ വി ഡി സതീശൻ രംഗത്ത് വന്നതായും, തന്ത്രിയെ പിടികൂടിയതോടെ ബിജെപിക്ക് പ്രതികരണമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പോറ്റിയെ നിയമിച്ചത് ഇടതുപക്ഷമല്ല യുഡിഎഫ് ആണെന്നും അദ്ദേഹം ആരോപിച്ചു. സ്വർണക്കൊള്ള വിഷയത്തിൽ നിയമസഭയിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടിയെന്നും കുറ്റപ്പെടുത്തി.
കണ്ണൂരിൽ കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങളിൽ സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനമെടുക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പാർട്ടി രക്തസാക്ഷി ഫണ്ടിൽ നിന്നും ഒരു നയാപൈസ പോലും വകമാറ്റില്ലെന്നും, ഒരു ക്രമക്കേടിനും പാർട്ടി കൂട്ടുനിൽക്കില്ലെന്നും വ്യക്തമാക്കി. പരാതിയുണ്ടെങ്കിൽ പൊലീസിനെ സമീപിക്കാമെന്നും പറഞ്ഞു.
വി ഡി സതീശൻ അവസരവാദ നിലപാട് സ്വീകരിക്കുന്ന ആളാണെന്നും, ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തിൽ കോൺഗ്രസിനെ വിമർശിച്ചും എം വി ഗോവിന്ദൻ രംഗത്തെത്തി. അതേസമയം, മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയെ കടുത്ത ഭാഷയിൽ വിമർശിക്കുകയും എകെജിയെ കുറിച്ചുള്ള പരാമർശങ്ങൾ തോന്ന്യാസമാണെന്നും ആരോപിക്കുകയും ചെയ്തു.
