സീറ്റ് വാഗ്ദാനത്തിൽ CPM വഞ്ചിച്ചു: എൻ.എ മുഹമ്മദ് കുട്ടി; തിരൂർ, കോട്ടക്കൽ മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർത്ഥി

മലപ്പുറം: തിരൂർ സീറ്റ് വാഗ്ദാനം നൽകി രാഷ്ട്രീയമായി വഞ്ചിച്ചുവെന്നാരോപിച്ച് എൻ.സി.പി മുൻ സംസ്ഥാന പ്രസിഡന്റും ദേശീയ സെക്രട്ടറിയുമായ എൻ.എ മുഹമ്മദ് കുട്ടി (മമ്മൂട്ടി). തിരൂരിൽ സീറ്റ് നൽകാമെന്ന് CPMനേതൃത്വം ഉറപ്പ് നൽകിയിരുന്നു. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ തൻ്റെ പേര് ഇല്ലാതിരുന്നതിനാൽ രണ്ടാം ഘട്ടത്തിൽ ഉണ്ടാവുമെന്ന് CPM മലപുറം ജില്ലാ നേതാക്കൾ ഉറപ്പ് നൽകിയിരുന്നു. എന്നാൽ അതും ഉണ്ടായില്ല. അതിനാൽ തിരൂർ, കോട്ടക്കൽ മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും പത്രികകൾ സമർപ്പിച്ചതായും അദ്ദേഹം അറിയിച്ചു.

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാതിരിക്കാൻ ഗൂഢാലോചന നടന്നുവെന്നും സീറ്റുകൾ മുൻകൂട്ടി നിശ്ചയിച്ചതായും അദ്ദേഹം ആരോപിച്ചു. ഇതിന്റെ ഭാഗമായി എൻ.സി.പി യിലെ എല്ലാ പദവികളും രാജിവെക്കാൻ നിർബന്ധിതനായെന്നും, പിന്നീട് തിരൂർ, കോട്ടക്കൽ മണ്ഡലങ്ങളിൽ മറ്റ് സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ചതിലൂടെ തന്നെ വഞ്ചിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

മാർച്ച് 20ന് തിരൂരിൽ ഉണ്ടായിരിക്കെ കളമശ്ശേരിയിലെ വീട്ടിന്റെ ചിത്രം അജ്ഞാതർ പകർത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, ഡിജിപി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു. ഭീഷണികൾക്ക് വഴങ്ങില്ലെന്നും, മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2023 ഓഗസ്റ്റ് 8ന് ഡിസിആർബി കൊച്ചി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നിന്നു പോലീസ് സംരക്ഷണത്തിന് ശുപാർശ ചെയ്തിരുന്നുവെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും ആരോപിച്ചു.

“സംശുദ്ധ രാഷ്ട്രീയം” എന്ന ആശയം മുൻനിർത്തി പ്രവർത്തനം തുടരുമെന്നും, കേരളത്തിലെ യുവാക്കൾക്ക് തൊഴിൽ സാധ്യത ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ആശയവുമായി യോജിക്കുന്നവരെ സ്വാഗതം ചെയ്ത അദ്ദേഹം, പൊതുജനാഭിപ്രായം ശേഖരിക്കാൻ സർവേയും പ്രഖ്യാപിച്ചു.

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിലൂടെയും www.mammuty.me എന്ന വെബ്സൈറ്റിലൂടെയും പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താമെന്ന് അദ്ദേഹം അറിയിച്ചു. രാഷ്ട്രീയ, വർഗ്ഗ, സാമ്പത്തിക വിവേചനങ്ങൾക്കെതിരെ ഐക്യവും ഐശ്വര്യവും നിറഞ്ഞ കേരളം സൃഷ്ടിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

malayalampulse

malayalampulse