തലസ്ഥാന വികസന ബ്ലൂപ്രിന്റ് പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്ത്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. തലസ്ഥാനഗര വികസന പദ്ധതിയുടെ ബ്ലൂപ്രിന്റ് പ്രഖ്യാപിക്കുന്നതോടൊപ്പം പുതിയ ട്രെയിൻ സർവീസുകളും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് പ്രതീക്ഷ.

തിരുവനന്തപുരം കോർപ്പറേഷൻ ഭരണം നേടിയാൽ 45 ദിവസത്തിനകം പ്രധാനമന്ത്രി നഗരത്തിലെത്തുമെന്നായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. അതിന് പിന്നാലെ വാക്ക് പാലിച്ചാണ് മോദിയുടെ സന്ദർശനം. ‘മിഷൻ കേരളം’ ലക്ഷ്യമിട്ട് തയ്യാറാക്കിയ വികസിത തിരുവനന്തപുരത്തിന്റെ ബ്ലൂപ്രിന്റ് പ്രധാനമന്ത്രി പുറത്തിറക്കുമെന്നതാണ് പ്രധാന ആകർഷണം.

കേരളത്തിൽ നിന്നുള്ള അമൃത് ഭാരത് റെയിൽ സർവീസ് ഉൾപ്പെടെ നാല് പുതിയ ട്രെയിനുകൾ വെള്ളിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും. തലസ്ഥാനത്ത് പുതിയ കേന്ദ്ര പദ്ധതികൾ, സ്മാർട്ട് സിറ്റി പദ്ധതിയുടെ അടുത്തഘട്ടം, മാലിന്യ സംസ്കരണത്തിനുള്ള ബൃഹദ് സംരംഭം, വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിച്ച വികസന കോറിഡോർ തുടങ്ങിയവ ബ്ലൂപ്രിന്റിൽ ഉൾപ്പെടുമെന്നാണ് സൂചന.

പരിപാടികൾ പുത്തരിക്കണ്ടം മൈതാനത്ത് നടക്കും. ട്രെയിൻ ഫ്ലാഗ് ഓഫിന് ശേഷം ബിജെപിയുടെ പൊതുസമ്മേളനം നടക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. പൊതുസമ്മേളനം വമ്പൻ വിജയമാകുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് പറഞ്ഞു.

പ്രധാനമന്ത്രിക്ക് മുമ്പായി സംസ്ഥാനത്തെത്തിയ ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപിക്ക് മുന്നിൽ വെച്ചിരിക്കുന്നത് മിഷൻ 2026 എന്ന ലക്ഷ്യമാണ്. മോദിയുടെ സന്ദർശനത്തോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ കൂടുതൽ സജീവമാകുമെന്നാണ് വിലയിരുത്തൽ.

malayalampulse

malayalampulse