ശ്രീനഗർ: ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ നടന്ന വൻ സ്‌ഫോടനത്തിൽ ഏഴ് പേർ മരിക്കുകയും, മുപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഡൽഹി ഭീകരാക്രമണ കേസിലെ പ്രതികളിലൊരാളായ മുസമ്മിൽ ഷക്കീലിന്റെ ഫരീദാബാദിലെ വാടക വീട്ടിൽ നിന്ന് പിടിച്ചെടുത്ത 360 കിലോ സ്‌ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെ ആയിരുന്നു സ്‌ഫോടനം ഉണ്ടായത്.
ഫരീദാബാദിൽ നിന്ന് പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ തുടങ്ങിയ രാസവസ്തുക്കളാണ് പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നത്. ഇവ കൈകാര്യം ചെയ്യുന്നതിനിടെ തീപിടിത്തമോ രാസപ്രതികരണമോ ഉണ്ടായിരിക്കാമെന്നത് പ്രാഥമിക നിഗമനമാണ്.
സംഭവസ്ഥലത്ത് നിന്ന് 300 അടി അകലോളം ശരീരഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട് എന്നതിൽ നിന്ന് സ്‌ഫോടനത്തിന്റെ തീവ്രത വ്യക്തമാകുന്നു.
ഒരു കാറിൽ ഐഇഡി ഘടിപ്പിച്ച് സ്‌ഫോടനം നടത്തിയതാകാമെന്നും പോലീസ് തള്ളിക്കളഞ്ഞിട്ടില്ല. അതേ സമയം, ജയ്ഷ്-ഇ-മുഹമ്മദ് നിഴൽ സംഘടനയായ PAAF ഉത്തരവാദിത്തം ഏറ്റെടുത്തുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്ത് വന്നു.
മുമ്പ് ഫരീദാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൈറ്റ് കോളർ തീവ്രവാദ മൊഡ്യൂളിനെതിരെ അന്വേഷണം ശക്തമാക്കിയിരുന്നു. ഈ കേസിൽ ഡോക്ടർ ഉമർ ഉൻ നബി ഉൾപ്പെടെ എട്ട് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മാസം മുമ്പ് നൗഗാമിൽ പ്രത്യക്ഷപ്പെട്ട ഭീഷണി പോസ്റ്ററുകളുടെ അന്വേഷണത്തിനിടെയാണ് ഈ ശൃംഖല പുറത്തുവന്നത്.
