ജെൻ സികളുടെ പ്രതിഷേധം; നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി രാജിവെച്ചു

കാഠ്മണ്ഡു:

നേപ്പാളിൽ സമൂഹമാധ്യമങ്ങൾ നിരോധിച്ചതിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട വൻ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി കെപി ശർമ ഒലി രാജിവെച്ചു. സംഘർഷഭരിതമായ പ്രതിഷേധം രണ്ടാം ദിവസവും തുടർന്നതോടെയാണ് പ്രധാനമന്ത്രിയുടെ രാജി.

സോഷ്യൽ മീഡിയ നിരോധനം സർക്കാർ പിൻവലിച്ചെങ്കിലും, പ്രതിഷേധക്കാർ ഒലിയുടെ രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങി. ജെൻ സി യുവാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.

പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെയും പ്രസിഡൻ്റ് രാം ചന്ദ്ര പൗഡേലിന്റെയും വസതികൾക്ക് തീയിട്ടു. ബൊഹോരാത്പുരിലെ പ്രസിഡൻ്റിൻ്റെ വസതിയും ബാൽകോട്ടിലെ ഒലിയുടെ സ്വകാര്യ വസതിയും ആക്രമണത്തിന് ഇരയായി. മുൻ ആഭ്യന്തര മന്ത്രി രമേഷ് ലേഖകിൻ്റെ വസതിയും ആക്രമിക്കപ്പെട്ടു.

സനേപയിലെ നേപ്പാൾ കോൺഗ്രസ് പാർട്ടി ഓഫീസ് ഉൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളുടെ വസതികളും ഓഫീസുകളും പ്രതിഷേധക്കാർ ലക്ഷ്യമിട്ടു. വാർത്താ വിതരണ മന്ത്രി പൃഥ്വി സുബ്ബ ഗുരുങ്ങിൻ്റെ വസതിയ്ക്കും കല്ലേറുണ്ടായി.

സംഘർഷഭരിതമായ പ്രതിഷേധത്തിൽ ഇതുവരെ 18 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, യൂട്യൂബ്, സ്നാപ്ചാറ്റ്, എക്സ് എന്നിവയാണ് സർക്കാരിന്റെ നിരോധനത്തിന് വിധേയമായത്. വ്യാജ ഐഡികളും വിദ്വേഷ പ്രസംഗങ്ങളും തടയാനായി സോഷ്യൽ മീഡിയ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യണമെന്ന സർക്കാർ തീരുമാനം പാലിക്കാത്തതിനെ തുടർന്നാണ് കടുത്ത നടപടി.

തിങ്കളാഴ്ച അർധരാത്രി തന്നെ നിരോധനം നീക്കിയെങ്കിലും പ്രതിഷേധം ശക്തിപ്രാപിച്ചു.

അതേസമയം, പ്രതിഷേധം കലുഷിതമായ സാഹചര്യത്തിൽ നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായി ഇന്ത്യൻ എംബസി അടിയന്തര ഹെൽപ്‌ലൈൻ നമ്പറുകൾ പ്രഖ്യാപിച്ചു:

📞 +977-980 860 2881

📞 +977-981 032 6134

malayalampulse

malayalampulse