- പുതിയ ആദായ നികുതി നിയമം ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍
- ആദായ നികുതി റിട്ടേണ്‍ മാർച്ച് 31 വരെ ഫയല്‍ ചെയ്യാം
- സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം 41 ശതമാനമായി തുടരും
- ധനക്കമ്മി കുറയ്ക്കാൻ നടപടിയുണ്ടാകും
- നികുതി നിയമങ്ങൾ ലഘൂകരിക്കും
- ക്ലൗഡ് സർവീസ് നൽകുന്ന അന്താരാഷ്ട്ര കമ്പനികൾക്ക് 2047 വരെ ‘ടാക്സ് ഹോളിഡേ’ അനുവദിക്കും
- വാഹനാപകട നഷ്ടപരിഹാരത്തിന് ആദായ നികുതി ഒഴിവാക്കും
- വിദേശ യാത്ര ടി.സി.എസ് 2 ശതമാനമാക്കി
- വൈദ്യ പഠനത്തിന് ടി.സി.എസ് 2 ശതമാനമായി കുറച്ചു
മഹാത്മാ ഗാന്ധിയുടെ പേരിൽ പുതിയ പദ്ധതി
വസ്ത്ര നിർമാണ മേഖലയ്ക്ക് കേന്ദ്ര ബജറ്റിൽ കൈത്താങ്ങ്. മഹാത്മാ ഗാന്ധിയുടെ പേരിൽ പുതിയ പദ്ധതി കൊണ്ടുവരും. ‘മഹാത്മാ ഗാന്ധി ഗ്രാമ സ്വരാജ്’ എന്ന പേരിലാണ് ഖാദി മേഖലയ്ക്കായി പുതിയ പദ്ധതി അവതരിപ്പിക്കുക.
പ്രകൃതിദത്ത ഫൈബർ വികസനത്തിന് ബജറ്റിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. പരമ്പരാഗത നൂല്‍ നൂല്‍പ്പ് കേന്ദ്രങ്ങളെ ശക്തിപ്പെടുത്തും. നെയ്ത് മേഖലയുടെ വികസനത്തിന് മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ കൊണ്ടുവരും. വസ്ത്ര നിർമാണ മേഖലയ്ക്ക് ‘സമർഥ് 2.0’ പദ്ധതി അവതരിപ്പിച്ചു.
ഇത് യുവശക്തി ബജറ്റെന്ന് ധനമന്ത്രി
ഇപ്രാവശ്യത്തേത് യുവശക്തി ബജറ്റെന്ന് ധനമന്ത്രി. ലോകത്തിലെ വലിയ സാമ്പത്തിക ശക്തിയായി രാജ്യം മാറുന്നു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളില്‍ ഒന്നാകാനുള്ള രാജ്യത്തിന്‍റെ മുന്നേറ്റത്തിന് ഒപ്പം നിന്ന ജനങ്ങള്‍ക്ക് നന്ദി. ജിഎസ്‌ടി പരിഷ്ക്കാരവും തൊഴിൽ നിയമങ്ങൾ മാറ്റിയതും തൊഴിൽ മേഖലയ്ക്ക് ഗുണകരമായി. വ്യവസായിക മേഖലയിൽ പുതിയ പ്രഖ്യാപനങ്ങൾ ധനമന്ത്രി നടത്തി. ചെറുകിട, രണ്ടാം നിര വ്യവസായങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുമെന്നും ധനമന്ത്രി അറിയിച്ചു.
ലോകത്താകമാനമുള്ള സാമ്പത്തിക പ്രതിസന്ധിയിലും അച്ചടക്കത്തോടെയുള്ള സാമ്പത്തിക ഇടപെടലുകളിലൂടെയും ആഭ്യന്തര ഉത്പാദനം വർധിപ്പിച്ചും മികച്ച രീതിയില്‍ മുന്നോട്ടുപോകാന്‍ രാജ്യത്തിനായി. കർത്തവ്യഭവനിൽ തയ്യാറാക്കിയ ആദ്യ ബജറ്റാണിത്, യുവശക്തിയാൽ നയിക്കപ്പെടുന്ന ബജറ്റ്.
പാർലമെൻ്റിലെ സാമ്പത്തിക സർവേയിൽ ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞത്
കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ജനുവരി 29നാണ് പാർലമെൻ്റിലെ ഇരു സഭകളിലും 2025-26ലെ സാമ്പത്തിക സർവേ അവതരിപ്പിച്ചത്. ബജറ്റിന് മുമ്പുള്ള ഈ സമഗ്രമായ രേഖ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ പ്രകടനം അവലോകനം ചെയ്യുകയും 2026ലെ കേന്ദ്ര ബജറ്റിൻ്റെ ദിശ നിശ്ചയിക്കുകയും ചെയ്തു. ആഗോള തലത്തിൽ തിരിച്ചടികൾ ഉണ്ടായിട്ടും ശക്തമായ ആഭ്യന്തര ഡിമാൻഡ് ചൂണ്ടിക്കാട്ടി, 2027 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ യഥാർത്ഥ ജിഡിപി വളർച്ച 6.8%-7.2% പരിധിയിലായിരിക്കും എന്നാണ് സർവേ പ്രവചിച്ചത്. ഉപഭോഗത്തിൻ്റേയും നിക്ഷേപത്തിൻ്റേയും ഇരട്ട എഞ്ചിൻ നയിക്കുന്ന 2026 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ജിഡിപി വളർച്ച 7.4 ശതമാനമാണെന്നാണ് സർക്കാർ പറയുന്നത്.
