തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യത. വ്യാഴാഴ്ചയോടെ മ്യാന്‍മാര്‍–ബംഗ്ലാദേശ് തീരത്തിന് സമീപം മധ്യകിഴക്കന്‍–വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത നാലുദിവസം നേരിയ മുതല്‍ ഇടത്തരം വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. വ്യാഴാഴ്ചയ്ക്ക് ശേഷം മഴ വീണ്ടും ശക്തിപ്രാപിക്കുമെന്നാണ് പ്രവചനം.
വടക്കന്‍ ആന്‍ഡമാനും മ്യാന്‍മാറിനും മുകളിലായി നിലവില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നു. സെപ്റ്റംബര്‍ 22ഓടെ ഇത് വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്കു നീങ്ങാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് വ്യാഴാഴ്ചയ്ക്ക് സമീപം മ്യാന്‍മാര്‍–ബംഗ്ലാദേശ് തീരത്തിന് സമീപം പുതിയ ന്യൂനമര്‍ദ്ദമായി രൂപപ്പെടാനാണ് സാധ്യത.
