മസ്കത്ത്: ഒമാനിൽ ഔദ്യോഗിക ശീതകാലത്തിന് തുടക്കമായതോടെ കനത്ത തണുപ്പ് അനുഭവപ്പെടുന്നു. ദാഖിലിയ ഗവർണറേറ്റിലെ സായ്ഖിൽ ഇന്ന് രേഖപ്പെടുത്തിയ താപനില -0 ഡിഗ്രി സെൽഷ്യസ് ആണ്. കനത്ത തണുപ്പ് തുടരുന്നതിനാൽ വരും ദിവസങ്ങളിൽ ചില പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
ദുമൈത്ത്, ഹൈമ മേഖലകളിൽ 6°C, മഹദ, സുനൈന പ്രദേശങ്ങളിൽ 8.4°C, ഹംറ അൽ ദുറൂഅയിൽ 8.5°C എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയത്. അസാധാരണമായ തണുപ്പ് ജനജീവിതത്തെ ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം ഒമാനിൽ ഇന്ന് ഔദ്യോഗികമായി ശീതകാലം ആരംഭിച്ചു. 88 ദിവസം നീണ്ടുനിൽക്കുന്നതാണ് ഇത്തവണത്തെ ശീതകാലം.
അതേസമയം, അസ്ഥിര കാലാവസ്ഥ തുടരുന്നതിനാൽ ഒമാനിൽ സാഹസിക ടൂറിസത്തിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സാഹസിക വിനോദ പരിപാടികൾ സംഘടിപ്പിക്കുന്നതിലും പങ്കെടുക്കുന്നതിലും നിന്ന് വിട്ടുനിൽക്കണമെന്ന് ടൂറിസം മന്ത്രാലയം കർശന നിർദേശം നൽകി. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
