അലപ്പുഴ: ഇത്തവണത്തെ 25 കോടിയുടെ ഓണം ബമ്പർ ലോട്ടറി അടിച്ചത് തുറവൂർ സ്വദേശിയായ ശരത് എസ്. നായർക്കാണ്. തുറവൂർ തൈക്കാട്ടുശേരി എസ്‌ബിഐ ശാഖയിൽ ഇന്ന് രാവിലെ ടിക്കറ്റ് ഹാജരാക്കി. ജീവിതത്തിൽ ആദ്യമായി എടുത്ത ബമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
നെട്ടൂരിലെ നിപ്പോൺ പെയിന്റ്സിൽ കഴിഞ്ഞ 12 വർഷമായി ജോലി ചെയ്യുന്ന ശരത്, ജോലി സ്ഥലത്തേക്ക് പോകുന്ന വഴിയിലാണ് കടയിൽ നിന്ന് ടിക്കറ്റ് വാങ്ങിയത്. “സമ്മാനം കിട്ടിയെന്ന് മനസിലായപ്പോൾ ടെൻഷൻ ആയിരുന്നു. ഒന്നുകൂടി ഉറപ്പിച്ചിട്ട് മാത്രമാണ് എല്ലാവരോടും പറഞ്ഞത്,” — ശരത് പറഞ്ഞു.
ലോട്ടറി ടിക്കറ്റിന്റെ ഫോട്ടോ ഫോണിൽ എടുത്തുവെച്ചിരുന്ന ശരത്, ഫലം വന്നപ്പോൾ ആ ചിത്രം നോക്കി സമ്മാനം ഉറപ്പിച്ചു. “ആദ്യം വിശ്വസിക്കാൻ പറ്റിയില്ല. രണ്ടുമൂന്ന് തവണ പരിശോധിച്ചശേഷം മാത്രമാണ് സഹോദരനോടു പറഞ്ഞത്,” അദ്ദേഹം പറഞ്ഞു.
വാർത്ത അറിഞ്ഞ് വീട്ടുകാർ അതിയായ സന്തോഷത്തിലാണ്.
നെട്ടൂരിലെ ലോട്ടറി ഏജന്റ് എം. ടി. ലതീഷണ് ടിക്കറ്റ് വിറ്റത്. ബംപർ അടിച്ച നമ്പറുള്ള മറ്റ് സീരീസുകളിലെ ഒൻപത് ടിക്കറ്റുകളും ലതീഷ വഴിയാണ് വിറ്റത്. ഇവയ്ക്ക് അഞ്ച് ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.
ലതീഷ് തിരുവനന്തപുരം ആറ്റിങ്ങൽ ഭഗവതി ഏജൻസീസിന്റെ വൈറ്റില ശാഖയിൽ നിന്നാണ് ബംപർ ടിക്കറ്റുകൾ വാങ്ങിയത്.
ബംപർ നറുക്കെടുപ്പ് നടന്ന ദിവസം ശരത് ജോലിക്ക് എത്തിയ ശേഷം ആശുപത്രിയിലേക്കാണ് പോയത്. വീട്ടിൽ ചെറിയ പ്രശ്നമുണ്ടെന്ന് പറഞ്ഞ് പോയതായാണ് സഹപ്രവർത്തകർ പറയുന്നത്.
“ഒന്നാം സമ്മാനം കിട്ടിയെന്ന് അറിഞ്ഞപ്പോൾ ആദ്യം ടെൻഷൻ ആയിരുന്നു. അതൊരു സ്വപ്നം പോലെ തോന്നി. ഇപ്പോഴും അതിനെ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്.”
