തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പെൻഷൻ വർധന; പി.എം ശ്രീയിൽ ഒപ്പുവെച്ചശേഷം മന്ത്രിസഭാ ഉപസമിതിയെ വച്ചത് സി.പി.ഐയെ കബളിപ്പിക്കാൻ: പ്രതിപക്ഷ നേതാവ്

കൊച്ചി: നാലര കൊല്ലം ജനങ്ങളെ കബളിപ്പിച്ച സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന്റെ സായാഹ്നത്തില്‍ 400 രൂപ പെന്‍ഷന്‍ വര്‍ധിപ്പിച്ചതിലൂടെ വീണ്ടും ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പെന്‍ഷന്‍, ജീവനക്കാര്‍, അധ്യാപകര്‍, ക്ഷേമനിധി ആനുകൂല്യങ്ങള്‍ തുടങ്ങി സര്‍ക്കാര്‍ നല്‍കാനുള്ളത് ഏകദേശം ഒരു ലക്ഷം കോടി രൂപയാണെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വര്‍ധനവാണിതെന്നും അദ്ദേഹം പറഞ്ഞു.

പറവൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. “യു.ഡി.എഫ് ഭരണകാലത്ത് 18 മാസത്തെ പെന്‍ഷന്‍ കുടിശികയുണ്ടായിരുന്നുവെന്നത് സി.പി.എം പ്രചരിപ്പിക്കുന്ന കള്ളപ്രചാരണമാണെന്ന്” അദ്ദേഹം വ്യക്തമാക്കി. “ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് മൂന്നു മാസത്തെ കുടിശിക മാത്രമാണ് ഉണ്ടായിരുന്നത്, അത് അക്കൗണ്ട് മാറ്റുന്നതിനായുള്ള കാലതാമസം മാത്രമായിരുന്നു,” എന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

പി.എം ശ്രീ പദ്ധതിയില്‍ മന്ത്രിസഭയുടെ അംഗീകാരം കൂടാതെ ഒപ്പുവച്ചത് സി.പി.ഐയെ കബളിപ്പിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. “മന്ത്രിസഭാ ഉപസമിതി ഒപ്പുവയ്ക്കുന്നതിനുമുമ്പ് രൂപീകരിക്കേണ്ടതായിരുന്നു. ഒപ്പുവച്ച ശേഷമാണ് രൂപീകരിച്ചത്. മുഖ്യമന്ത്രി ആര്‍ക്കാണ് ഭയപ്പെടുന്നത്? ആര് ബ്ലാക്ക്‌മെയില്‍ ചെയ്തതാണ് പി.എം ശ്രീയില്‍ ഒപ്പുവച്ചത്?” എന്നും അദ്ദേഹം ചോദിച്ചു.

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ 2500 രൂപയാക്കുമെന്ന എല്‍.ഡി.എഫ് വാഗ്ദാനം പാലിക്കാതെ, തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മാത്രം 400 രൂപ കൂട്ടിയതും ജനങ്ങളെ കബളിപ്പിക്കുന്ന തന്ത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “900 രൂപയുടെ പെന്‍ഷന്‍ വര്‍ധന നഷ്ടപ്പെട്ടതിലൂടെ ഓരോരുത്തര്‍ക്കും കഴിഞ്ഞ നാലര കൊല്ലത്തിനിടെ ₹52,000 വരെ നഷ്ടമായി,” എന്നും അദ്ദേഹം പറഞ്ഞു.

ആശ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി അധ്യാപകര്‍ക്കും ദിവസവേതനം 33 രൂപ മാത്രമേ കൂട്ടിയിട്ടുള്ളൂ, 700 രൂപ വേതനം ആവശ്യപ്പെട്ട് സമരം ചെയ്യുന്നവരെ അടിച്ചമര്‍ത്തിയ സര്‍ക്കാരാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു. ക്ഷേമനിധി പെന്‍ഷന്‍ ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ 18 മാസം മുതല്‍ മുടങ്ങിക്കിടക്കുന്നതായും, കാരുണ്യ പദ്ധതിക്ക് നല്‍കാനുള്ള ₹1800 കോടി രൂപ കുടിശികയാണെന്നും അദ്ദേഹം പറഞ്ഞു.

സപ്ലൈകോയ്ക്ക് നല്‍കേണ്ട ₹2215 കോടിയില്‍ വെറും ₹110 കോടി മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടി. വിലക്കയറ്റത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കേണ്ട സ്ഥാപനത്തോട് സര്‍ക്കാര്‍ ഉത്തരവാദിത്വം പാലിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസ് സംഘടനാപരമായി തദ്ദേശ തിരഞ്ഞെടുപ്പിനായി തയ്യാറായിക്കഴിഞ്ഞുവെന്നും വാര്‍ഡ് കമ്മിറ്റികളും കുടുംബസംഗമങ്ങളും പദയാത്രകളും വഴി പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. “2026-ല്‍ നൂറിലധികം സീറ്റുകളോടെ യു.ഡി.എഫ് അധികാരത്തില്‍ തിരിച്ചെത്തും,” എന്നും പ്രതിപക്ഷ നേതാവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം കരാറില്ലാതെ കൈമാറിയതിനെക്കുറിച്ച് സര്‍ക്കാര്‍ വ്യക്തത വരുത്തണം എന്നും കായിക മന്ത്രിയോട് ആരോപണങ്ങളേക്കുറിച്ച് വിശദീകരണം ആവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്നും, എസ്‌.ഐ‌.ആര്‍ പദ്ധതിയില്‍ കോണ്‍ഗ്രസിന് ദേശീയതലത്തിലുള്ളതുപോലെതന്നെ സംസ്ഥാനതലത്തിലും വ്യക്തമായ നിലപാടാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

malayalampulse

malayalampulse