ദില്ലി: കേരളത്തിലെ ദേശീയപാത നിർമാണത്തിൽ ഉപകരാറുകളുടെ രീതിയെക്കുറിച്ച് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) കടുത്ത വിമർശനവുമായി രംഗത്തെത്തി. പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ, കരാറുകൾ ഏറ്റെടുത്ത തുകയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ തുകയ്ക്കാണ് ഉപകരാറുകൾ നൽകുന്നതെന്നും, ഇത് നിർമാണ ഗുണമേന്മയെയും പ്രോജക്ട് കാര്യക്ഷമതയെയും ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.
റിപ്പോർട്ടിൽ ഉദാഹരണമായി, കടമ്പാട്ടുകോണം–കഴക്കൂട്ടം ദേശീയപാതയ്ക്ക് 3684 കോടി രൂപയ്ക്കാണ് കരാർ എടുത്തത്, എന്നാൽ ഉപകരാർ വെറും 795 കോടിക്ക് മാത്രമാണ് നൽകിയതെന്ന് പറയുന്നു. കേരളത്തിലെ ദേശീയപാത നിർമാണത്തിലെ ഉപകരാറുകളുടെ ശരാശരി ടെൻഡർ തുകയുടെ 54 ശതമാനമാണെന്നും പിഎസി കണ്ടെത്തി.
കൂരിയാട് മേഖലയിൽ നടന്ന ഡിസൈൻ പിഴവ് ദേശീയപാത അതോറിറ്റി തന്നെ സമ്മതിച്ചിട്ടുണ്ടെന്നും, ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. വീഴ്ച വരുത്തിയ നിർമാണ കമ്പനികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി ഭാവിയിൽ കരാർ നൽകാതിരിക്കാൻ നിർദ്ദേശവും നൽകിയിട്ടുണ്ട്.
ദേശീയപാത പദ്ധതികളുടെ ഡിസൈൻ ഘട്ടത്തിൽ എംപിമാരുള്‍പ്പെടെ ജനപ്രതിനിധികളുമായും സംസ്ഥാന വിദഗ്ധരുമായും വിശാലമായ ആലോചന വേണമെന്നും, ഗതാഗത മന്ത്രാലയം ഉപകരാറുകളുടെ വിശദമായ വിലയിരുത്തൽ നടത്തണമെന്നും പിഎസി നിർദേശിച്ചു. ടോൾ നിരക്കുകൾ നിശ്ചയിക്കുന്നതിനായി പ്രത്യേക നിയന്ത്രണ അതോറിറ്റി രൂപീകരിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
