ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതികളായ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാളികൾ ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രമുഖർക്ക് അംഗീകാരം. അന്തരിച്ച മുതിർന്ന സിപിഐഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ചു.
മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്ക് പത്മഭൂഷൺ പുരസ്കാരം ലഭിച്ചു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരം ലഭിച്ചു. മുൻ സുപ്രീംകോടതി ജഡ്ജി കെ ടി തോമസിന് പത്മവിഭൂഷൺ പുരസ്കാരവും ലഭിച്ചു.
ആലപ്പുഴ സ്വദേശിയായ പരിസ്ഥിതി പ്രവർത്തക കൊല്ലക്കൽ ദേവകി അമ്മ, പ്രശസ്ത നൃത്തകലാകാരി കലാമണ്ഡലം വിമല മേനോൻ എന്നിവർക്ക് പത്മശ്രീ ലഭിച്ചു. ജന്മഭൂമി മുൻ മുഖ്യപത്രാധിപർ പി നാരായണന് പത്മവിഭൂഷൺ പുരസ്കാരവും ലഭിച്ചു.
കുറുമ്പ ഗോത്ര വിഭാഗത്തിലെ ചിത്രകാരനും നീലഗിരി സ്വദേശിയുമായ ആർ കൃഷ്ണന് മരണാനന്തര ബഹുമതിയായി പത്മശ്രീ ലഭിച്ചു. ഇന്ത്യയുടെ പ്രൊപ്പൽഷൻ ടെക്നോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന എ ഇ മുത്തുനായകിനും പത്മശ്രീ പുരസ്കാരം ലഭിച്ചു.
ബോളിവുഡ് താരം ധർമേന്ദ്രയ്ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ചു. നടൻ ആർ മാധവന് പത്മശ്രീ പുരസ്കാരം ലഭിച്ചു. ക്രിക്കറ്റ് താരങ്ങളായ രോഹിത് ശർമ, ഹർമൻപ്രീത് കൗർ എന്നിവർക്ക് പത്മശ്രീ ലഭിച്ചു. മുൻ ക്രിക്കറ്റ് താരം പ്രവീൺ കുമാറിനും പത്മശ്രീ ലഭിച്ചിട്ടുണ്ട്.
അന്തരിച്ച ജെഎംഎം നേതാവും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഷിബു സോറന് പത്മഭൂഷൺ ലഭിച്ചപ്പോൾ, പ്രശസ്ത ക്ലാസിക്കൽ വയലിനിസ്റ്റ് എൻ രാജത്തിന് പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചു. ഗായിക അൽക്ക യാഗ്നിക്, മുൻ ഇന്ത്യൻ ടെന്നീസ് താരം വിജയ് അമൃതരാജ് എന്നിവർക്ക് പത്മഭൂഷൺ പുരസ്കാരവും പ്രഖ്യാപിച്ചിട്ടുണ്ട്.
