തിരുവനന്തപുരം: പത്മഭൂഷൻ പുരസ്കാരത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന ആരോപണം തള്ളി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പത്മഭൂഷൻ സ്വീകരിക്കുമെന്നും, അത് നിരസിക്കാതിരിക്കാൻ താൻ അത്ര മണ്ടനല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
പുരസ്കാരത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇഷ്ടമില്ലാത്ത അച്ചിയെ തൊട്ടെല്ലാം കുറ്റം പറയുന്നതുപോലെയാണ് ഇപ്പോഴുള്ള വിമർശനങ്ങളെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
പത്മഭൂഷൻ തനിക്ക് ലഭിച്ചത് സംഘടനാ പ്രവർത്തനത്തിന്റെ അംഗീകാരമാണെന്നും അത് വ്യക്തിഗത നേട്ടമല്ല, സമുദായത്തിനുള്ള അംഗീകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി. പുരസ്കാരം ശ്രീനാരായണ ഗുരുദേവന് സമർപ്പിക്കുന്നതായും വെള്ളാപ്പള്ളി പറഞ്ഞു.
ചില ചാനലുകൾ റേറ്റിംഗ് വർധിപ്പിക്കാനുള്ള ശ്രമത്തിനിടെ മറ്റുള്ളവരുടെ വേദനകൾ കാണുന്നില്ലെന്നും, ചില മാധ്യമങ്ങൾ “ചോര കുടിക്കുന്ന കുറുക്കന്മാർ” പോലെയാണെന്നും വെള്ളാപ്പള്ളി കടുത്ത ഭാഷയിൽ വിമർശിച്ചു. മാധ്യമങ്ങളെ തമ്മിൽ തല്ലിക്കാൻ ശ്രമിക്കുന്ന സമീപനവും അദ്ദേഹം കുറ്റപ്പെടുത്തി.
എൻ.എസ്.എസ് സഹോദര സമുദായമാണെന്നും നായൻമാരും സഹോദരന്മാരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സുകുമാരൻ നായരെയോ എൻ.എസ്.എസിനെയോ തള്ളിപ്പറയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സുകുമാരൻ നായർ നിഷ്കളങ്കനായ മനുഷ്യനാണെന്നും, ബോർഡിന്റെ നിലപാട് മാറിയതോടെയാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹത്തിന് വ്യത്യസ്തമായി സംസാരിക്കേണ്ടി വന്നതെന്നും വെള്ളാപ്പള്ളി ന്യായീകരിച്ചു. ഐക്യനീക്കത്തിൽ നിന്നും പിന്മാറാൻ കാരണമായത് രാഷ്ട്രീയ ഇടപെടലുകളാണെന്ന വാർത്തകൾ കണ്ടതായും അദ്ദേഹം പറഞ്ഞു.
നായാടി മുതൽ നസ്രാണി വരെ ഐക്യമാണ് ലക്ഷ്യമെന്നും, ഇന്ന് അല്ലെങ്കിൽ നാളെ ഈ ഐക്യനീക്കം പൂവണിയുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
