ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം നടന്നത്. ചിറ്റൂരിൽ നിന്ന് പാലക്കാട്ടേക്ക് മടങ്ങുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട് ആദ്യം റോഡരികിലെ മൈൽക്കുറ്റിയിലും പിന്നീട് സമീപത്തെ മരത്തിലും ഇടിച്ച് താഴെയുള്ള പാടത്തേക്ക് മറിഞ്ഞു.
പാലക്കാട് നൂറടി റോഡ് രഞ്ജിത്തിന്റെ മകൻ രോഹൻ (24), നൂറണി സ്വദേശി സന്തോഷിന്റെ മകൻ രോഹൻ സന്തോഷ് (22), യാക്കര സ്വദേശി ശാന്തകുമാറിന്റെ മകൻ സനൂഷ് (19) എന്നിവരാണ് മരിച്ചത്.
കാർ ഓടിച്ചിരുന്ന ചന്ദ്രനഗർ സ്വദേശി ആദിത്യൻ (23), യാക്കര സ്വദേശി ഋഷി (24), നെന്മാറ സ്വദേശി ജിതിൻ (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിൽ വാഹനം പൂർണ്ണമായും തകർന്നു. വാഹനത്തിൽ കുടുങ്ങിക്കിടന്ന ആറു പേരെയും അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്.
സുഹൃത്തുക്കൾ ആഴ്ചാവസാനങ്ങളിൽ പാലക്കാട്ടേക്ക് ഒത്തുചേരാറുണ്ടായിരുന്നു. മടങ്ങുന്നതിനിടെയാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്.
