പാർട്ടി ഓഫീസ് സ്ഥലവിൽപ്പന ആരോപണം: പാലക്കാട് ഡിസിസി പ്രസിഡൻ്റ് എ. തങ്കപ്പനെതിരെ പോസ്റ്ററുകൾ

പാലക്കാട്: പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) പ്രസിഡൻ്റ് എ. തങ്കപ്പനെതിരെ പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഡിസിസി ഓഫീസ് പരിസരത്താണ് വിവാദ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്.

‘പാർട്ടി ഓഫീസിനായി വാങ്ങിയ സ്ഥലം മറിച്ച് വിറ്റ തങ്കപ്പനെ പുറത്താക്കുക’, ‘സ്വന്തം ഭാര്യ പോലും വോട്ടു ചെയ്യാത്ത തങ്കപ്പനെ പാലക്കാടിന് വേണ്ട’ തുടങ്ങിയ കടുത്ത ആരോപണങ്ങളാണ് പോസ്റ്ററുകളിൽ ഉന്നയിക്കുന്നത്.

തങ്കപ്പനെതിരെ ഇത് ആദ്യമായല്ല പോസ്റ്ററുകൾ ഉയരുന്നത്. നേരത്തെ വണ്ടാഴി പഞ്ചായത്തിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടും സമാന പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിൽ ഡിസിസി പ്രസിഡൻ്റ് പണം കൈപ്പറ്റിയെന്നും, അതിന്റെ ഫലമായി സ്ഥാനാർഥികൾ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നുമായിരുന്നു അന്നത്തെ ആരോപണം.

അന്നും എ. തങ്കപ്പൻ രാജിവെയ്ക്കണമെന്ന ആവശ്യവും പോസ്റ്ററുകളിൽ ഉയർന്നിരുന്നു. നിലവിലെ പോസ്റ്റർ വിവാദം പാർട്ടിക്കുള്ളിൽ പുതിയ പ്രതിസന്ധിക്ക് ഇടയാക്കുന്ന സാഹചര്യമാണുള്ളത്.

malayalampulse

malayalampulse