പാലക്കാട്: പാലക്കാട് മുതലമടയിൽ ആദിവാസി മധ്യവയസ്കനെ മുറിയിൽ പൂട്ടി പട്ടിണിക്കിട്ട് മര്‍ദിച്ച സംഭവം പുറത്തുവന്നു. മുതലമട മൂചക്കുണ്ട് ചമ്പക്കുഴിയിൽ താമസിക്കുന്ന വെള്ളയൻ (54) ആണ് മര്‍ദനമേറ്റത്.
വെള്ളയനെ ആറു ദിവസത്തോളം ഭക്ഷണമോ വെള്ളമോ നൽകാതെ മുറിയിൽ പൂട്ടിയിട്ടെന്നാണ് പരാതി. ക്ഷീണിതനായി വീണുവീണ വെള്ളയനെ നാട്ടുകാരും പൊലീസ് സംഘവും ചേര്‍ന്ന് ഇന്നലെ രാത്രിയാണ് രക്ഷപ്പെടുത്തിയത്. ഇപ്പോള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
കൂലി പണിയെടുത്ത് ജീവിക്കുന്ന വെള്ളയൻ ഫാം സ്റ്റേയിലും സമീപത്തുമുള്ള സ്ഥലങ്ങളിലും ജോലി ചെയ്തുവരുന്നതായിരുന്നു. തേങ്ങ പെറുക്കുന്നതിനിടെ ഫാംസ്റ്റേയ്ക്ക് സമീപം കണ്ടെത്തിയ മദ്യക്കുപ്പിയിൽ നിന്ന് മദ്യം കുടിച്ചതിനെ തുടര്‍ന്നാണ് ജീവനക്കാരന്‍ ചോദ്യം ചെയ്തുവെന്നാണ് വിവരം. തുടര്‍ന്ന് വെള്ളയനെ മര്‍ദിച്ച് മുറിയില്‍ പൂട്ടിയിടുകയായിരുന്നു.
മൂത്രമൊഴിക്കാൻ പോലും കഴിയാത്ത അവസ്ഥയില്‍ ആറു ദിവസത്തോളം മുറിക്കുള്ളില്‍ പൂട്ടിയിട്ടെന്നാണ് പഞ്ചായത്ത് മെമ്പർ കല്പനാദേവിയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ പറയുന്നത്. ഏറെ സമയമെടുത്താണ് വാതിൽ തകർത്ത് അകത്ത് കയറിയത്.
പാലക്കാട് കൊല്ലങ്കോട് ജില്ലാ ആശുപത്രിയിൽ പൊലീസ് വെള്ളയന്റെ മൊഴി എടുത്തിട്ടുണ്ട്.
