ടോൾ പിരിവ് നിർത്തിവെക്കാനുള്ള ഹൈക്കോടതി ഉത്തരവ് നിലനിൽക്കും
ന്യൂഡൽഹി: പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് നാല് ആഴ്ചത്തേക്ക് വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റി (NHAI) സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി തള്ളി. കടുത്ത വിമർശനങ്ങളോടെയായിരുന്നു ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസ് വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ തീരുമാനം.
കുഴികളും ഗട്ടറുകളും നിറഞ്ഞ റോഡിലൂടെ യാത്ര ചെയ്യുന്ന പൗരന്മാർക്ക് അധികമായി പണം നൽകേണ്ട സാഹചര്യമില്ലെന്നും, ഇതിനകം തന്നെ നികുതി അടക്കുന്ന പൗരന്മാർക്ക് സ്വാതന്ത്ര്യമായി സഞ്ചരിക്കാനുള്ള അവകാശം ഉണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഗുരുവായൂർ കൺസ്ട്രക്ഷൻസ് കരാർ ചെയ്ത പണിയുടെ ഉപകരാർ കൈകാര്യം ചെയ്ത പിഎസ്ടി എഞ്ചിനീയറിംഗ് സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തിയാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ ഹൈക്കോടതിയിലെ കേസിൽ ഉപകരാർ കമ്പനിയെ കക്ഷിയാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.
റോഡിന്റെ ശോച്യാവസ്ഥ യുദ്ധകാല അടിസ്ഥാനത്തിൽ പരിഹരിക്കുമെന്ന് എൻഎച്ച്എഐയ്ക്കായി ഹാജരായ സോളിസിറ്റർ ജനറൽ ഉറപ്പ് നൽകി. ഗതാഗതക്കുരുക്ക് മാറുകയും റോഡിന്റെ നിലവാരം മെച്ചപ്പെടുകയും ചെയ്താൽ ഹൈക്കോടതിയെ സമീപിച്ച് ഉത്തരവിൽ മാറ്റം തേടാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
👉 ഇതോടെ ഹൈക്കോടതി വിധിയിൽ ഇടപെടാനില്ലെന്ന് സുപ്രീംകോടതി ഉറപ്പിച്ചു, റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതുവരെ ടോൾ പിരിവ് നിർത്തിവെക്കാനുള്ള ഹൈക്കോടതി ഉത്തരവ് നിലനിൽക്കും.
